കൊച്ചി : തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ് ഹംസയും കഞ്ചാവ് കേസിൽ പിടിയിലായതിനെ തുടർന്ന് നടപടിയുമായി ഫെഫ്ക. രണ്ടു പേരെയും
സസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്‌സ് യൂണിയന് ഫെഫ്ക നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫെഫ്കയുടെ നടപടിക്ക് നിര്‍മ്മാതാക്കളുടെ സംഘടന പിന്തുണയും പ്രഖ്യാപിച്ചു.
നടപടി എടുക്കേണ്ടത് ഫെഫ്കയാണെന്നും എന്ത് നടപടി എടുത്താലും ഒപ്പം നില്‍ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ – ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
സെറ്റില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ വിവരം എക്‌സൈസിന് കൈമാറും. ഇക്കാര്യത്തില്‍ കര്‍ശന ജാഗ്രത. ആരെയും സംരക്ഷിക്കില്ല – സിബി മലയില്‍ വിശദമാക്കി.
എല്ലാ സിനിമാക്കാരും ലഹരി ഉപയോഗിക്കുന്നവര്‍ അല്ലെന്നും സിനിമ ലോക്കഷനില്‍ പരിശോധന നടത്തുന്നതില്‍ വെല്ലുവിളികളില്ലെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എം മജുവും പറഞ്ഞു.
കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമയായ സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ എക്‌സൈസ് വിളിപ്പിക്കും. സംവിധായകനും ക്യാമറാമാനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഉപയോഗിക്കാനുള്ള ഇടം നല്‍കുന്നതും കുറ്റമെന്നും പരിശോധിച്ച ശേഷം നടപടിയെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ ഗ്രാന്റ് ബെയില്‍ പരിശോധന നടത്തിയതെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ പറഞ്ഞു. 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നു.