വത്തിക്കാൻ: ഇന്ത്യൻ സഭാചരിത്രത്തിലാദ്യമാണ് വൈദികരിൽ നിന്ന് ഒരാൾ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. ആ മഹാഭാഗ്യത്തിൻ്റെ നെറുകയിലാണ് കര്‍ദിനാളായി സ്ഥാനമേറ്റ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ള 21 പേരുടെ സ്ഥാനാരോഹണ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചത്. പൗരോഹിത്യത്തിന്‍റെ 20ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ത്യൻ സമയം രാത്രി എട്ടരയോടെയാണ് ആരംഭിച്ചത്. ചടങ്ങുകള്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി ചുമതലയേറ്റതിന്‍റെ സന്തോഷ നിറവിലാണ് വിശ്വാസി സമൂഹം. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ചങ്ങനാശേരി ഇടവകയിലെ വിശ്വാസികള്‍ സ്ഥാനാരോഹണം ആഘോഷമാക്കിയത്.
മാര്‍ഗദര്‍ശനം നല്‍കിയ എല്ലാവരേയും മനസിലോര്‍ക്കുന്നു എന്നായിരുന്നു മാര്‍ ജോര്‍ജ് ജേക്കബിൻ്റെ ആദ്യ പ്രതികരണം. ഭാരത സഭയ്ക്ക് അഭിമാന മുഹൂര്‍ത്തമെന്നാണ് ചങ്ങനാശ്ശേരിയില്‍ നിന്നുള്ള വൈദികരുടെ പ്രതികരണം. . വൈദികരെ നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തുന്നത് പ്രത്യേകതയുള്ള തീരുമാനമെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ സന്തോഷം പങ്കുവെച്ച് പറഞ്ഞു. വലിയ സന്തോഷമുള്ള കാര്യമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. ജോര്‍ജ് കൂവക്കാടിന്‍റെ സ്ഥാനലബ്ധി പ്രവര്‍ത്തനമികവിനുള്ള അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമയം ഇന്ന് രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. എട്ടാം തീയതി സെന്റ് ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പീറ്റേഴ്സ‌് ബസിലിക്കയിൽ കുർബാന അർപ്പിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കും.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആന്‍റണി, അനൂപ് ആന്‍റണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. സ്ഥാനാരോഹണച്ചടങ്ങിൽ എംഎൽഎമാർ ഉൾപ്പടെ മലയാളി പ്രതിനിധിസംഘവും ചടങ്ങിന് സാക്ഷ്യം വഹിച്ചു.