‘ഭരണഘടനയെ അട്ടിമറിച്ച് ആദ്യം നെഹ്‌റു പാപം ചെയ്തു, പിന്നീട് ഇന്ദിര ഗാന്ധി തുടര്‍ന്നു’ – ഭരണഘടന ചര്‍ച്ചയില്‍ ഗാന്ധി കുടുംബത്തിനെതിരെ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Date:

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടന്ന ഭരണഘടന ചര്‍ച്ചയില്‍ ഗാന്ധി കുടുംബത്തിനെതിരെ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർവക്കർ മുന്നോട്ടുവെച്ച മനുസ്മൃതിയാണ് ഇന്നും ബിജെപിയുടെ ഭരണ സംഹിതയെന്നും  കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയാണെന്നമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്  മറുപടിയായിട്ടായിരുന്നു മോദിയുടെ വിമർശനം.  ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടായിരുന്നു  കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഗാന്ധി കുടുംബത്തിനതിരെയും മോദി വിമര്‍ശന ശരങ്ങളെറിഞ്ഞത്.

ഐക്യത്തില്‍ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാക്കിയതെന്നും വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഭരണഘടനാ നിര്‍മ്മാണത്തില്‍ പങ്കാളികളായെന്നും  പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് തുടക്കം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് വോട്ടവകാശം ഭരണഘടന വഴി ഉറപ്പ് നല്‍കിയ രാജ്യമാണ് ഇന്ത്യയെന്നും മോദി മറുപടി പ്രസംഗത്തിൽ ചൂണിക്കാട്ടി. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനെ ന്യായീകരിച്ച മോദി, ഒരു കുടുംബം 55 വര്‍ഷമാണ് രാജ്യത്തിന്റെ ഭരണം കൈകാര്യം ചെയ്തതെന്ന്‌ ഓർമ്മിപ്പിച്ചു. കുടുംബവംശ രാഷ്ട്രീയം ഭരണഘടനയെ ദുര്‍ബലപ്പെടുത്തി. ഞാനിവിടെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയല്ല. എന്നാല്‍ ചില സത്യങ്ങള്‍ രാജ്യത്തിന് മുമ്പാകെ വെയ്ക്കുകയാണ്. കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാനുള്ള ഒരവസരം പോലും പഴാക്കിയിട്ടില്ല. 75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ 55 വര്‍ഷവും ആ കുടുംബമാണ് രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിച്ചതിനെയും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍നിന്ന് അടിയന്തരാവസ്ഥയുടെ കറ ഒരിക്കലും മായ്ക്കാനാവില്ല. ഭരണഘടനയ്ക്ക് 25 വയസ്സ് തികഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പ് നല്‍കിയ അവകാശങ്ങള്‍ എടുത്തുമാറ്റപ്പെട്ടു.

അടിയന്തരാവസ്ഥയില്‍ ആയിരങ്ങള്‍ ജയിലിലടക്കപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം കവര്‍ന്നു. അയോഗ്യയാക്കിയ ജഡ്ജിയെ ഇന്ദിര വെറുതെ വിട്ടില്ല. അടിയന്തരാവസ്ഥയുടെ ദുരിതം അനുഭവിച്ച പല കക്ഷികളും ഈ സഭയിലുണ്ട്. ഷാ ബാനു കേസില്‍ രാജീവ് ഗാന്ധി സുപ്രീം കോടതി വിധി അട്ടിമറിച്ചു. വോട്ട് ബാങ്കിനായി ഷാ ബാനുവിന് നീതി നിഷേധിച്ചു. വിധ്വംസക ശക്തികളുമായി രാജീവ് ഗാന്ധി ചേര്‍ന്നു. ആദ്യ പ്രധാനമന്ത്രി തന്നെ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിച്ചതായും പിന്നീട് വന്നവര്‍ അത് പിന്തുടര്‍ന്നുവെന്നും മോദി ആരോപിച്ചു.

സ്വന്തം നേട്ടത്തിനായി നെഹ്‌റു ഭരണഘടനയെ അട്ടിമറിച്ചു. പല കാലങ്ങളിലായി ആ കൃത്യം ആവര്‍ത്തിച്ചു പോന്നു. ആദ്യം നെഹ്‌റു പാപം ചെയ്തു. പിന്നീട് ഇന്ദിര ഗാന്ധി തുടര്‍ന്നു. ഭരണഘടന തടസ്സമായാല്‍ അത് മാറ്റണമെന്നു പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. ഇതായിരുന്നു നെഹ്റുവിൻ്റെ നിര്‍ദ്ദേശം. ആറു പതിറ്റാണ്ടിനിടെ 75 തവണയാണ് ഭരണഘടന ഭേദഗതി ചെയ്തത്. ഈ ശീലത്തിന്റെ വിത്ത് പാകിയത് ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റുവാണ്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അത് തുടര്‍ന്നു. 1971-ല്‍ ഇന്ദിരാഗാന്ധിയും ആ പാപം ചെയ്തു. സുപ്രീം കോടതിയുടെ 1971-ലെ വിധിയെ അവഗണിച്ചാണ് ഇന്ദിരാ ഗാന്ധി ജുഡീഷ്യറിയുടെ അധികാരം കുറയ്ക്കുന്നതിനും പാര്‍ലമെന്റില്‍ അധികാരം കേന്ദ്രീകരിക്കുന്നതിനുമായി ഭരണഘടനയില്‍ മാറ്റം വരുത്തിയത്. കോടതികളുടെ അധികാരം ഇന്ദിര കവർന്നെടുത്തു. സ്വന്തം കസേര സംരക്ഷിക്കാന്‍ 60 വര്‍ഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ് ഭരണഘടനയെ അട്ടിമറിച്ചത്.

കോണ്‍ഗ്രസ് ഭരണഘടനയെ നിരന്തരം വേട്ടയാടി. കോണ്‍ഗ്രസ് ഭരണഘടനയെ ഭയപ്പെടുത്താനുള്ള ആയുധമാക്കി. കോണ്‍ഗ്രസ് സംവരണത്തിന് എതിരായിരുന്നു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് എതിര്‍ത്തു. നെഹ്‌റുവിന്റെ കാലം മുതല് രാജീവ് ഗാന്ധിയുടെ കാലംവരെ സംവരണം അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്രസ് സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഭരണഘടനയില്‍ മാറ്റം വരുത്തി. ഭരണഘടനയില്‍ നിര്‍ദ്ദേശിച്ചിരുന്ന പിന്നാക്ക വിഭാഗ കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് അലംഭാവം കാണിച്ചു. മതാടിസ്ഥാനത്തില്‍ സംവരണം കൊണ്ടുവരാനുള്ള ഗൂഢാലോചനയാണ് ആ പാര്‍ട്ടി നടത്തിയത്. സംവരണ തത്വങ്ങളെ തന്നെ അവര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു. സംവരണത്തിന് ഒ.ബി.സി. ക്വാട്ട നിലവില്‍ വന്നത് തന്നെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷമായിരുന്നുവെന്നും മോദി വെളിപ്പെടുത്തി.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...