ആലപ്പുഴ: ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്ക്. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് ബസുമായി കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.
കളർകോട് ജങ്ഷനിൽ രാത്രി 8:45ന് ശക്തമായ മഴ പെയ്യുമ്പോഴാണ് അപകടം. കായംകുളത്തുനിന്ന് വൈറ്റിലയിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും എതിർദിശയിൽ നിന്ന് വന്ന കെഎസ് 29 സി രജിസ്ട്രേഷനിലുള്ള ടവേര കാറുമാണ് കൂട്ടിയിടിച്ചത്. ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്ത ശേഷം ട്രാഫിക് പോലീസിൻ്റെ ഉൾപ്പെടെ വാഹനങ്ങളിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.
കാർ നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും ലോക്കായിപ്പോയിരുന്നെന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പറഞ്ഞു. കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കാൻ സഹായിച്ചതും നാട്ടുകാരായിരുന്നു.