തൃശ്ശൂർ : പീച്ചി ഡാം റിസർവോയറില്‍ നാലു പെൺകുട്ടികൾ വീണു. നാലു പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്നു കുട്ടികളുടെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്. സുഹൃത്തിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് പീച്ചി പുളിമാക്കൽ സ്വദേശി നിമയുടെ വീട്ടിൽ വന്നതാണ് മറ്റ് മൂന്നു പേരും. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാല് കുട്ടികളെയും രക്ഷപ്പെടുത്തിയത്. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം.
അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ അപകടനില തരണം ചെയ്തു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പീച്ചി പുളിമാക്കൽ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് അപകടത്തിൽപ്പെട്ടത്