കൊച്ചി: ഫോർട്ട് കൊച്ചിയിൽ കാനയിൽ വീണു ഫ്രഞ്ച് പൗരനു പരിക്ക്. ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തിയ മുപ്പത്തി ഒമ്പതുകാരനാണ് ബോട്ട് ജെട്ടിക്ക് സമീപത്തെ കാനയിൽ വീണ് പരിക്കേറ്റ് ആശുപത്രിയിലായത്. വീഴ്ച്ചയിൽ മകന്റെ തുടയെല്ല് പൊട്ടിയെന്നും ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ ആവശ്യപ്പെട്ടെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അപകടങ്ങൾ പതിവായിട്ടും അധികൃതർ കണ്ണടക്കുന്നുവെന്ന് നാട്ടുകാർ. വാർത്ത വന്നതിനു പിന്നാലെ അപകടസ്ഥലം കെട്ടിയടച്ച് അധികൃതർ
കാനയിൽ നിന്നും പ്രദേശവാസികളും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്തെടുത്ത്. നിർമ്മാണം ഇഴഞ്ഞു നീങ്ങിയതോടെ കുട്ടികൾ ഉൾപ്പടെ കാനയിൽ വീണ് അപകടത്തിൽ പെടുന്നത് പതിവാകുമ്പോഴും അധികൃതർ നടപടിയെടുക്കുന്നില്ലെനാണ് നാട്ടുകാരുടെ പരാതി. നാളിത് വരെ കണ്ണടച്ച അധികൃതർ വാർത്തക്ക് പിന്നാലെ താൽക്കാലികമായി അപകടസ്ഥലം കെട്ടിയടച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും സർജറിക്കായി ഫ്രഞ്ച് പൗരനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. എന്നാൽ, സർജറിക്ക് കാത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ചതോടെ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.