കൊച്ചി: വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യുന്നു. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫീസുകളിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. വിദേശവിനിമയ (ഫെമ) ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളിൽ നിന്ന് ചിട്ടിയ്ക്കെന്ന പേരിൽ 593 കോടി രൂപ അനധികൃതമായി സമാഹരിച്ചുവെന്നും ഇത് പിന്നീട് പണമായി കൈമാറിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. കോടമ്പാക്കത്തെ ഗോകുലം ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഈ ചോദ്യം ചെയ്യൽ എന്നറിയുന്നു.
ഗോകുലം ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടിരുന്നു. ഗോകുലം ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. ഫെമ ചട്ടലംഘനത്തിൽ ഇഡി കണ്ടെത്തിയ 593 കോടി രൂപയിൽ 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചിരുന്നു.
പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയവയുടെ പേരിലായിരുന്നു കഴിഞ്ഞ ദിവസം ഗോകുലം ഓഫീസുകളിൽ ഇഡിയുടെ പരിശോധന. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.