തിരുവനന്തപുരം : സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സ്ഥലം പൂർണ്ണമായും സർക്കാർ മേൽ നോട്ടത്തിൽ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറാൻ ടീകോം നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായും മന്ത്രി അറിയിച്ചു. ഒരു കമ്മിറ്റി രൂപീകരിച്ച അവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കും.
കൊച്ചിയിൽ ഭൂമിയുടെ ആവശ്യകതയുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തു നിൽക്കുകയാണ്. അവർക്ക് ഗുണകരമായി ഉപയോഗിക്കാൻ വേണ്ടി കൂടിയാണ് പിന്മാറിയത്. ടീ കോം യുഎഇക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ല. പദ്ധതിയിൽ കാര്യമായി പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രണ്ടുകൂട്ടരുടെയും താല്പര്യ പ്രകാരമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പൊതുധാരണയാണ് ഉണ്ടായിരിക്കുന്നത്. സർക്കാരിന് ഇക്കാര്യത്തിൽ കാര്യക്ഷമത കുറവൊന്നും ഉണ്ടായിട്ടില്ല.
പദ്ധതി അവസാനിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി നിക്ഷേപകർക്ക് ആശങ്ക ഉണ്ടാവേണ്ടതില്ലെന്നും ഇത് പുതിയ സാദ്ധ്യതയാണെന്നും അറിയിച്ചു.
അതിനായി, ടീകോം ഒഴിവായ ശേഷം സ്മാർട്ട് സിറ്റി പദ്ധതിക്കായി പുതിയ നിക്ഷേപ പങ്കാളിയെ തേടാനും സർക്കാർ തയ്യാറെടുക്കുന്നുണ്ട്. താൽപര്യമുള്ളവർ എത്തിയാൽ പുതിയ വ്യവസ്ഥകളോടെ പദ്ധതി തുടരും. സാദ്ധ്യമായില്ലെങ്കിൽ മാത്രം ഭൂമി ഇൻഫോ പാർക്കിന് കൈമാറും. 13 വർഷമായിട്ടും ഒട്ടും ‘സ്മാർട്ടാ’കാൻ തയ്യാറാകാതിരുന്ന പദ്ധതിക്കായി ഇനിയും കാത്തിരിക്കുന്നതിലർത്ഥമില്ലെന്നാണ് സർക്കാർ നിലപാട്.