കൊച്ചി: അസോസിയേഷനുകളും ക്ലബ്ബുകളും അംഗങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് ജിഎസ്ടി ഈടാക്കാന്‍ അനുമതി നല്‍കുന്ന നിയമഭേഗതി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. അംഗങ്ങൾക്ക്
നല്‍കുന്ന സേവനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയത് ചോദ്യംചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ഘടകം നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ്. ഈശ്വരന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
2021-ല്‍ ഫിനാന്‍സ് ആക്ടിലൂടെ കൊണ്ടുവന്ന ഭേദഗതിയെയാണ് ചോദ്യംചെയ്തത്. ഇതിന് 2017 ജൂലായ് ഒന്നുമുതല്‍ മുന്‍കാലപ്രാബല്യവും നല്‍കിയിരുന്നു. ആദ്യം നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ജിഎസ്ടി ഏര്‍പ്പെടുത്തിയത് ശരിവെക്കുകയും മുന്‍കാലപ്രാബല്യം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. ക്ലബ്, അംഗങ്ങളുമായി നടത്തുന്ന ഇടപാട് ഭരണഘടനയില്‍ ‘സര്‍വ്വീസ് ‘ ‘സപ്ലൈ’ എന്നിവയ്ക്ക്
നല്‍കിയിരിക്കുന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍വരില്ലെന്ന് വിലയിരുത്തിയാണ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് കോടതി പ്രഖ്യാപിച്ചത്.
ജിഎസ്ടി കുടിശ്ശികയുടെപേരില്‍ കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടപടി സ്വീകരിച്ചതോടെയായിരുന്നു ഐഎംഎ ഹൈക്കോടതിയെ സമീപിച്ചത്. ഐഎംഎ കേരള ഘടകം ഹോട്ടലുകളും ബിസിനസുകളും നടത്തുന്നുണ്ടെന്നും ജിഎസ്ടി കുടിശ്ശികയായി 50 കോടി രൂപയോളം അടയ്ക്കാനുണ്ട് എന്നുമായിരുന്നു ജിഎസ്ടി ഇന്റലിജന്‍സ് ഹൈക്കോടതിയെ അറിയിച്ചത്.