മലപ്പുറം : പാതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ പ്രതി. വലമ്പൂർ സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജൻസിയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 2024 ഏപ്രിൽ മുതൽ നവംബർ മാസം വരെ പല തവണകളായി പണം തട്ടിച്ചെന്നാണ് പരാതി. നാഷണൽ എൻജിഒ കോൺഫഡറേഷൻ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് സി.എൻ രാമചന്ദ്രൻ നായരെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. കേസില്‍ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ അനന്തകുമാര്‍ ഒന്നാം പ്രതിയും അനന്തു കൃഷ്ണൻ രണ്ടാം പ്രതിയുമാണ്.
പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു. അനന്തുവിൻ്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അന്വേഷണസംഘം അറിയിച്ചു.
സായ്ഗ്രാമം ട്രസ്റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആരംഭിച്ചതെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും അനന്ദുകൃഷ്ണന്‍ പറഞ്ഞു. വൈറ്റില പൊന്നുരുന്നിയിലെ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഓഫീസില്‍ നിന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം സംസാരിച്ചത്. എഎന്‍ രാധാകൃഷ്ണന്റെ സംഘടനയായ സൈന്‍ ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്ഥാപനമായിരുന്നുവെന്നും അനന്ദുകൃഷ്ണന്‍ വെളിപ്പെടുത്തി.
കൂട്ടുപ്രതിയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ നല്‍കിയതിനെ കുറിച്ചും അനന്ദുകൃഷ്ണന്‍ പ്രതികരിച്ചു. രാഷ്ട്രീയക്കാര്‍ക്ക് ബിനാമികള് വഴിയാണ് അനന്ദുകൃഷ്ണന്‍ പണം കൈമാറിയിട്ടുള്ളത്. അതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അനന്ദുവിന്റെ അക്കൗണ്ടന്റുമാരെയും അനന്ദുവിനെയും ഒന്നിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണ്ണായക വിവരം പോലീസ് ശേഖരിച്ചത്. തട്ടിപ്പുപണം ഉപയോഗിച്ച് അനന്തു അഞ്ച് ഇടങ്ങളില് വാങ്ങിയ ഭൂമിയും ബാങ്ക് അക്കൗണ്ടുകളില്‍ മരവിപ്പിച്ച് 4.25 കോടി രൂപയും കണ്ടുകെട്ടും. ഇതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.