കൊച്ചി: സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയിലെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. 2023 അവസാനമാരംഭിച്ച സ്കൂട്ടർ വിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും വ്യക്തമായി.
തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതികളുടെ പ്രളയമാണ്. എറണാകുളം റൂറൽ ജില്ല, ഇടുക്കി എന്നിവിടങ്ങളിൽ ശനിയാഴ്ചയും നിരവധി പരാതികളെത്തി. ഇടുക്കിയിൽ 1165 പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്. 47 കേസുകൾ എടുത്തു. ജില്ലയിൽ 20 കോടിയുടെ തട്ടിപ്പ് ഇതിനകം പോലീസ് സ്ഥിരീകരിച്ചു. പരാതികളുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന നടക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ, ജില്ലയിൽ മാത്രം നൂറുകോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തുവരുമെന്നാണ് പോലീസ് പറയുന്നത്.
കോട്ടയത്ത് തട്ടിപ്പുസംബന്ധിച്ച് പരാതി നൽകിയവരുടെ എണ്ണം ശനിയാഴ്ച ആയിരം കടന്നു. 40 കേസുകൾ ഇതുവരെ രജിസ്റ്റർചെയ്തതായി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ മാത്രം അറുനൂറിലേറെ ആളുകളാണ് പരാതി നൽകിയത്. മാള സ്റ്റേഷനിൽ രണ്ടുകേസുകൾ കൂടി എടുത്തു. ഇതോടെ നിലവിൽ തൃശ്ശൂർ ജില്ലയിൽ നാലുകേസുകളായി. തൃശ്ശൂർ സിറ്റി പോലീസിന് കീഴിൽ പതിനഞ്ച് പരാതികളും ലഭിച്ചിട്ടുണ്ട്.
എൻ.ജി.ഒ. കോൺഫെഡറേഷനിൽ നിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയതെന്നും വ്യക്തമായി. തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.