തിരുവനന്തപുരം: പകുതി വില സ്കൂട് തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. എഡിജിപി ക്രൈംബ്രാഞ്ചിന് നേതൃത്വം നൽകും.
തിരുവനന്തപുരം ജില്ലയിൽ മാത്രം 960 സ്കൂട്ടറുകളാണ് നൽകാനുള്ളത്. ആനന്ദകുമാറിനെ വിശ്വസിച്ചാണ് നാഷണൽ എന്‍ജിഒ കോൺ ഫെഡറേഷനിൽ അംഗമായതെന്ന് വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ പറഞ്ഞു. സുകൃതം എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രസിഡൻ്റായിരുന്നു ശ്രീകുമാർ. ജില്ലയിലെ സംഘടനകയെല്ലാം ക്ഷണിച്ചത് ആനന്ദ് കുമാറാണ്. സംസ്ഥാന യോഗത്തിൽ വെച്ചാണ് അനന്തു കൃഷ്ണനെ പരിചയപ്പെടുത്തുന്നത്. 32 സ്കൂട്ടറുകൾ ആദ്യം തന്നു. 125 ന് പണം അടച്ചു. അതില്‍ 59 തന്നു. 66 എണ്ണം വെങ്ങാനൂർ പഞ്ചായത്തിൽ മാത്രം കിട്ടാനുണ്ടെന്നും വിമൺ ഓൺ വിൽ എന്ന പദ്ധതി വഴിയാണ് തട്ടിപ്പ് നടത്തിയതെന്നും ശ്രീകുമാർ വെളിപ്പെടുത്തി.