ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പിസി ജോർജിനെ ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. കസ്റ്റഡി അവസാനിച്ച പി സി ജോർജിന്റെ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യാനുള്ള അന്തിമ തീരുമാനമറിയിച്ചത്.
നേരത്തെ ആറുമണിക്കൂർ പോലീസ് കസ്റ്റഡിൽ വിട്ട പിസി ജോർജിനെ തിരിച്ച് കോടതിയിൽ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിലാണ് ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടത്. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇവിടെ ഐസിയു അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ഉയർന്ന രക്തസമ്മർദ്ദം അടക്കമുള്ള പ്രശ്നങ്ങൾ പി സിക്കുള്ളതിനാൽ രാത്രിയിൽ ഓക്സിജൻ മാസ്ക് അടക്കമുള്ള സംവിധാനങ്ങൾ അദ്ദേഹത്തിന് ആവശ്യമാണ്. ഇതിനുള്ള സൗകര്യം നിലവിൽ പാലാ സബ് ജയിലിൽ ഇല്ലാത്തതിനാലാണ് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
കേസില്‍ ഇന്ന് രാവിലെയാണ് ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച കീഴടങ്ങാമെന്ന് കാണിച്ച് ജോര്‍ജ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പൊലീസിനു കത്ത് നല്‍കിയിരുന്നു. എന്നാൽ കീഴടങ്ങൽ അല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല എന്ന് നിയമോപദേശം കിട്ടിയതോടെ നാടകീയമായി പി സി ജോർജ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു പിസി കീഴടങ്ങാൻ എത്തിയത്.