കൊച്ചി: മലയാള സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് കെ ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടും. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്ന ഹർജി ഇന്ന് ഹൈക്കോടതി തള്ളി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് തള്ളിയത്. റിപ്പോർട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടി.
റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മിറ്റി നൽകിയ ഉറപ്പിന്റെയും ലംഘനമാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്. ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയെ നിയമിച്ചത്.
2019ലാണ് കമ്മിറ്റി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ വിവരങ്ങൾ 5 വർഷത്തിനു ശേഷം ജൂലൈ 24ന് പുറത്തുവിടുമെന്നാണ് നേരത്തേ സർക്കാർ അറിയിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ ഭാഗങ്ങൾ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് അന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിരുന്നത്. ഇതിനിടെയാണ് സജിമോൻ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്