കൊച്ചി∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. റിപ്പോർട്ട് പുറത്തുവരുന്നതോടെ സിനിമാ മേഖലയിലുള്ള സ്ത്രീകൾക്കു സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുമെന്നും റിപ്പോർട്ട് പുറത്തുവിടേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പി.സതീദേവി പറഞ്ഞു.
‘‘എന്തെല്ലാം പ്രശ്നങ്ങളാണു കമ്മിഷൻ കണ്ടെത്തിയത്, എന്താണ് ആ റിപ്പോർട്ടിലുള്ളത് എന്ന് പറയാന്‍ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിന് തയാറാണെന്നു സാംസ്കാരിക വകുപ്പ് മന്ത്രിയും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യത മാനിച്ചു കൊണ്ട് റിപ്പോർട്ട് പുറത്തു വിടണമെന്നാണു വനിതാ കമ്മിഷന്റെ ആഗ്രഹം. സിനിമാ മേഖലയിൽ ആത്മാഭിമാനത്തോടെ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടാക്കാൻ ഈ വിധി സഹായമാകുമെന്നു കരുതുന്നു. മറ്റൊരാളുടെയും സ്വകാര്യതയ്ക്കു ഭംഗം വരുത്താതെ ഈ റിപ്പോർട്ട് പുറത്തു വിടണമെന്നാണു വനിതാ കമ്മീഷന്റെ അഭിപ്രായം’’– പി. സതീദേവി പറഞ്ഞു.