കൊച്ചി : ശബരിമലയില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡോളി സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍. സമരത്തിന്റെ പേരില്‍ തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാകില്ലന്ന് കോടതി വ്യക്തമാക്കി. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ നേരത്തേ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തണമായിരുന്നു. തീര്‍ത്ഥാടന കാലയളവില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പാടില്ലെന്നും സന്നിധാനത്തും പമ്പയിലും നിയന്ത്രണം ബാധകമാണെന്നും കോടതി വ്യക്തമാക്കി. സമരങ്ങള്‍ തീർത്ഥാടകരുടെ ആരാധന അവകാശത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ശബരിമലയില്‍ ഡോളി സമരവുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഡോളികള്‍ക്ക് പ്രീ പെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം തൊഴിലാളികൾ സമരം പ്രഖ്യാപിച്ചതാണ് കോടതി ഇടപെടലിന് കാരണം.
ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിൽ ഡോളി തൊഴിലാളികള്‍ നടത്തി വന്ന സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.