കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്നു പോകണം. 100 മീറ്ററിൽ കൂടുതൽ വാഹങ്ങളുടെ നിര പാടില്ല. അങ്ങനെ വന്നാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹങ്ങളെ കടത്തിവിടണം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒ ആര്‍ ജെനീഷ് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കോടതി ഇടപെടല്‍. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താൽക്കാലികമായി നിർത്തിവച്ച് കഴിഞ്ഞ മാസം തൃശൂര്‍ ജില്ലാ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരുന്നു. യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി.
ദേശീയ പാത 544ല്‍ ഇടപ്പള്ളി – മണ്ണൂത്തി മേഖലയില്‍ നാല് സ്ഥലങ്ങളില്‍ മേല്‍പ്പാല നിർമ്മാണം നടക്കുന്നുണ്ടായിരുന്നു. സർവ്വീസ് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സുഗമാകാത്തതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് ഇവിടങ്ങളില്‍ ഉണ്ടായത്. ഇതേ തുടര്‍ന്നാണ് കളക്ടർ ടോൾപിരിവ് നിർത്തിവെക്കാൻ ഉത്തരവിട്ടത്.