ചരിത്രമെഴുതി ബിജോയ് സെബാസ്റ്റ്യൻ ; യുകെയിലെ റോയൽ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റാകുന്ന ആദ്യ മലയാളി

Date:

ലണ്ടൻ : ചരിത്രം രചിച്ച്  ബിജോയ് സെബാസ്റ്റ്യൻ. യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി ഈ ആലപ്പുഴക്കാരൻ. ഇന്ത്യയിൽനിന്ന് ഒരാൾ ഈ പദവിയിലെത്തുന്നതും ചരിത്രത്തിലാദ്യം. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവും അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുള്ളതുമായ സംഘടനയാണ് ആർസിഎൻ.

ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയാണ് ബിജോയ്. നിലവിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായി ജോലി ചെയ്യുന്നു. മലയാളി നഴ്സിങ് ജീവനക്കാർ ഒറ്റക്കെട്ടായി പിന്തുണച്ചതോടെ ബിജോയി മികച്ച വിജയം നേടുകയായിരുന്നു. സ്വദേശികളായ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജോയി തിരഞ്ഞെടുക്കപ്പെട്ടത്.

ഒക്ടോബർ 14ന് ആരംഭിച്ച പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉൾപ്പെടെയുള്ള നിരവധി മലയാളി സംഘടനകൾ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലും ബിജോയിയുടെ സ്ഥാനാർത്ഥിത്വത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ബിജോയ് ഉൾപ്പെടെ 6 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

“ആർസിഎൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു യഥാർത്ഥ ബഹുമതിയാണ്. ഒട്ടേറെ പ്രതീക്ഷകളുണ്ട്. ഒത്തൊരുമിച്ച് നഴ്‌സിംഗ് പ്രൊഫഷനെ കൂടുതൽ മൂല്യവത്തായതും ബഹുമാനം അർഹിക്കുന്നതുമായി മാറ്റാനാകും ശ്രമം’’- ബിജോയ് സെബാസ്റ്റ്യൻ പറഞ്ഞു.

2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ൽ ബ്രിട്ടനിലാണ് റോയൽ കോളേജ് ഓഫ് നഴ്സിങ്ങ് പ്രവർത്തനം ആരംഭിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിങ് പഠനത്തിനും ഒരുവർഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാൻഡ് -5 നഴ്സായി ബിജോയ് ബ്രിട്ടനിൽ എത്തിയത്. ഇംപീരിയൽ കോളേജ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ നിയമനം. 2015ൽ ബാൻഡ്-6 നഴ്സായും 2016ൽ ബാൻഡ്-7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021ലാണ് ബാൻഡ്-8 തസ്തികയിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. 2012ൽ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൽ അംഗത്വം എടുത്തു.

കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവേൽ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ നഴ്സുമാരാണ്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...