ബെംഗളൂരു: ചൈനയിൽ പടരുന്ന ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ആദ്യ കേസ് ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിലാണ് കണ്ടെത്തിയത്.
ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കുഞ്ഞ്. സര്‍ക്കാര്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചൈനയില്‍ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന വൈറസാണ് എച്ച്.എം.പി.വി. അഥവാ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. ഇന്ത്യയിൽ ഇത്
സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെല്‍ത്ത് സര്‍വ്വീസും നേരത്തെ അറിയിച്ചിരുന്നതാണെങ്കിലും ബെംഗളൂരുവിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ പുതിയ ‘അപ്ഡേറ്റ്’ എന്താണെന്നത് ജിജ്ഞാസ ഉണർത്തുന്നതാണ്.
ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ശൈത്യകാലത്ത് സാധാരണ കാണുന്ന ശ്വാസകോശ സംബന്ധമായ അണുബാധ മാത്രമാണിതെന്നാണ് ചൈനയും വ്യക്തമാക്കുന്നത്. തീവ്രത കുറവാണെന്നും രോഗാവസ്ഥ അത്ര കാര്യമാക്കേണ്ടതില്ലെന്നും യാത്രകള്‍ക്കടക്കം സുരക്ഷിതമാണെന്നുമുള്ള ചൈന സാക്ഷ്യം മറ്റ് രാജ്യങ്ങൾക്കും ആശ്വാസം നൽകുന്നതാണ്.