കൊച്ചി : രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി നടി ഹണി റോസ്. ചാനൽ ചർച്ചകളിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ നടി പൊലീസില്‍ പരാതി നല്‍കിയത്.
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും രാഹുല്‍ ഈശ്വർ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.
വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും ഹണിറോസ് പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പരാതി നൽകിയ വിവരം ഹണി റോസ് അറിയിച്ചത്.
രണ്ട് ദിവസം മുന്‍പ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും എന്നായിരുന്നു ഹണി റോസിന്‍റെ മുഖ്യ വിമർശനം. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്നും ഹണി റോസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ഹണി റോസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ശ്രീ രാഹുൽ ഈശ്വർ
താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിൻ്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്.
എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.