പന്തളം : പണം ഇരട്ടിപ്പിച്ചു നൽകാമെന്ന ഓൺലൈൻ ആപ്പിൻ്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് 16 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാനെത്തിയ വീട്ടമ്മ ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടലിൽ തട്ടിപ്പിനിരയാവാതെ രക്ഷപ്പെട്ടു. എഫഎക്‌സ് റോഡ് എന്ന ഓണ്‍ലൈന്‍ ആപ്പാണ് പണം ഇരട്ടിപ്പിച്ചു നൽകാമെന്ന പറഞ്ഞ് വിശ്വസിച്ച് വീട്ടമ്മയെ തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമിച്ചത്. സംശയം തോന്നി ഫെഡറൽ ബാങ്ക് അധികൃതര്‍ സൈബര്‍ പോലീസിനെ വിവരമറിയിച്ചതിനാലാണ് വീട്ടമ്മയുടെ 16 ലക്ഷം രൂപ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞത്.
പത്തനംതിട്ട പന്തളം സ്വദേശിയായ വീട്ടമ്മയാണ് ഈ മാസം ആദ്യം 16 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന ആവശ്യവുമായി ബാങ്കിനെ സമീപിച്ചത്. ഭീമമായ തുക ഒരുമിച്ച് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ആവശ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍ നിക്ഷേപിക്കാനാണെന്ന് വീട്ടമ്മ ബാങ്ക് ഉദ്യോഗസ്ഥയോട് പറഞ്ഞു. ഉദ്യോഗസ്ഥയുടെ പരിശോധനയിൽ ആപ്പിൻ്റെ അക്കൗണ്ട് വിവരങ്ങളില്‍ ചില സംശയങ്ങള്‍ തോന്നി. കമ്പനി വിശ്വാസയോഗ്യമായി തോന്നുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ വീട്ടമ്മയോട് പറഞ്ഞു. എന്നാല്‍ പണം അയയ്ക്കണമെന്ന ആവശ്യത്തില്‍ വീട്ടമ്മ ഉറച്ചുനിന്നു. പണം അയയ്ക്കാന്‍ ജീവനക്കാരെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു.
ബാങ്ക് അധികൃതര്‍ ഉടന്‍ തന്നെ സൈബര്‍ പോലീസിനെ വിവരമറിയിച്ചു. എഫ്എക്‌സ് റോഡ് എന്ന ഓണ്‍ലൈന്‍ ആപ്പ് നിക്ഷേപ തട്ടിപ്പ് സ്ഥാപനമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ പന്തളം ബ്രാഞ്ചിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പിനിരയാവാതെ വീട്ടമ്മയുടെ പണം കാത്തത്.