തിരുവനന്തപുരം: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്നും ശശി തരൂർ എംപി. കേരള സർക്കാരിൻ്റെ വ്യവസായ വികസന നേട്ടങ്ങളെക്കുറിച്ച് ഒരു ഇംഗ്ലീഷ് പത്രത്തിൽ തരൂർ എഴുതിയ ലേഖനം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഏറെ വിവാദമാക്കിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ച. ഇക്കാര്യത്തിലുള്ള വിശദീകരണത്തിന് പുറമെ പല വിഷയങ്ങളും ചർച്ചയായെന്നും എന്നാൽ പുറത്തു പറയില്ലെന്നും തരൂർ വ്യക്തമാക്കി. ആരെക്കുറിച്ചും പരാതികളില്ല. അഭിപ്രായങ്ങൾ മാത്രമാണ് പറഞ്ഞത്. തന്നെ എതിർക്കാനെങ്കിലും കോൺഗ്രസ് നേതാക്കൾ ഒന്നിച്ചതിൽ സന്തോഷമെന്നും തരൂർ തുറന്നടിച്ചു.
യുവാക്കൾക്ക് ജോലി സാദ്ധ്യത കുറവാണ്. അതുകൊണ്ട് പുതിയ സംരംഭങ്ങൾ കൊണ്ടുവരണം. ഇത് ഞാൻ കുറെ വർഷങ്ങളായി പറയുന്നതാണ്. ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ടത്. രാഷ്ട്രീയത്തിൽ വെറും പാർട്ടി പൊളിറ്റിക്‌സുകൾ മാത്രമല്ല ചർച്ച ചെയ്യേണ്ടത്. ചർച്ച വരുന്നതിൽ ഒരു തെറ്റും കാണുന്നില്ല. വിവാദമുണ്ടാക്കാനോ രാഷ്ട്രീയം കളിക്കാനോ അല്ല എഴുതിയതെന്നും ലേഖനമെഴുതിയതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു