തൃശൂർ: പൂരം അലങ്കോലപ്പെട്ട വേളയിൽ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലൻസിലല്ല പോയത്, ബി.ജെ.പി ജില്ല അധ്യക്ഷന്‍റെ വാഹനത്തിലാണെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി.
ചേലക്കരയിൽ ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് അന്നുതന്നെ എൽ.ഡി.എഫും യു.ഡി.എഫും ആരോപണം ഉന്നയിച്ചതാണ്. സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് അന്ന് പ്രചരിച്ചത്
‘ഞാൻ അവിടെ ചെന്നത് നൂറു കണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. പാർട്ടി ജില്ല അധ്യക്ഷന്‍റെ വാഹനത്തിലാണ് അവിടെ പോയത്. ആംബുലൻസിൽ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാർഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കിൽ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കിൽ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താൻ തയാറുണ്ടോ? കേരളത്തിലെ മുൻ മന്ത്രിമാരടക്കം, ഇപ്പോഴത്തെ മന്ത്രിമാരടക്കം ചോദ്യം ചെയ്യപ്പെടാൻ യോഗ്യരായി തീരുമെന്ന ഭയം അവർക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐക്ക് വിടൂ’ -സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്നും സുരേഷ് ഗോപി പരിഹസിച്ചു.
എന്നാൽ ഇതേ സമയം, പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ തള്ളി ബി.ജെ.പി തൃശൂർ ജില്ല അദ്ധ്യക്ഷൻ അനീഷ് കുമാർ തന്നെ രംഗത്തെത്തി. സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണ്. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തത് കാരണം റൗണ്ട് വരെ വന്നത് തന്റെ കാറിലാണ്, ഇതായിരിക്കും അദ്ദേഹം ഉദ്ദേശിച്ചതെന്നും അനീഷ് കുമാർ വ്യക്തമാക്കി.