കൊച്ചി ; ലഹരിയിൽ നിന്ന് മോചനം നേടണമെന്ന
നടൻ ഷൈൻ ടോം ചാക്കോയുടെ ആവശ്യത്തിന് എക്‌സൈസിൻ്റെ സഹായഹസ്തം. നടനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റാൻ തീരുമാനം. തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും
എക്സൈസ് തന്നെ ചെയ്യും.
ഇന്ന് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയാണ് ലഹരിയിൽ നിന്ന് മുക്തനാകണമെന്ന ആവശ്യം ഷൈൻ എക്സൈസിനോട് പറഞ്ഞത്. തുടർന്ന് വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ലഹരി ചികിൽസ കേന്ദ്രത്തിൽ എത്തിക്കാൻ എക്സൈസ് തീരുമാനമെടുക്കുകയായിരുന്നു.
എക്സൈസ് മേൽനോട്ടത്തിലായിരിക്കും ഷൈനിൻ്റെ ചികിത്സ. മുമ്പ് കൂത്താട്ടുകുളത്ത് ലഹരി ചികിത്സ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താനയ്ക്ക് (ക്രിസ്റ്റീന-41) രണ്ടു നടന്മാരുമായും മോഡലുമായും ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, കഞ്ചാവ് ഇടപാടു സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്. രാവിലെ പത്തിന് ഹാജരാകാനായിരുന്നു നിർദ്ദേശം.
ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവുകടത്തിനെക്കുറിച്ച് ചില വിവരങ്ങൾ കൈമാറിയതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് പ്രമുഖ നടനുവേണ്ടിയാണെന്ന് ഷൈൻ പറഞ്ഞതായും വിവരമുണ്ട്. മൊഴിയുടെ നിജസ്ഥിതി ചോദിച്ചറിയാൻ കൂടിയാണ് ഷൈനിനെ ആലപ്പുഴയിലേക്ക് ചോദ്യംചെയ്യലിനു വിളിപ്പിച്ചത്. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിരുന്നു.
ആലപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്‌സൈസിന്റെ പിടിയിലായിരുന്നു. റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയത്.