കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തിലെ പ്രതി പ്രശാന്ത് മകളെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അമ്മ. ഫ്ലാസ്കിൽ ആസിഡ് നിറച്ചാണ് പ്രശാന്ത് എത്തിയത്. സംസാരിക്കുന്നതിനിടെ ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു.
ആസിഡ് ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് നിരവധി തവണ പോലീസിൽ പരാതി നൽകിയെന്നും പരാതി പറഞ്ഞ് മടുത്തെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ ഇന്നലെയാണ് മുൻ ഭർത്താവ് പ്രശാന്ത് ആക്രമിച്ചത്. പ്രബിഷയ്ക്ക് നട്ടെല്ലിന് പരുക്കേറ്റത് പ്രശാന്തിന്റെ നിരന്തര മർദ്ദനത്തെ തുടർന്നാണെന്നും അവർ പറഞ്ഞു. ഇതിൻ്റെ ചികിൽസയ്ക്കായി ഇന്നലെ ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രശാന്തിന്റെ ആസിഡ് ആക്രമണം. ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു. പ്രതി പ്രശാന്ത് മേപ്പയ്യൂർ പൊലീസിൽ കീഴടങ്ങി. പ്രബിഷയും പ്രശാന്തും രണ്ടര വർഷം മുൻപാണ് വിവാഹമോചിതരായത്.
ലഹരിക്കടിമയായ ഇയാൾ എട്ടു വർഷം മുൻപ് മൂത്ത മകനെയും പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നെന്ന് പ്രബിഷയുടെ അമ്മ സ്മിത പറയുന്നു. അന്ന് അയൽവാസികൾ ലൈറ്റർ തട്ടിത്തെറിപ്പിച്ചത് കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടതെന്നും അമ്മ പറഞ്ഞു.