തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴി രേഖപ്പെടുത്തിയത്. കൂടുതൽ അന്വേഷണത്തിനായി ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിൻ്റെ ഫോറൻസിക് പരിശോധനക്ക് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
ഗ്രൂപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കായി രണ്ട് കത്തുകൾ പോലീസ് വാട്സ് ആപ്പിന് അയച്ചിട്ടുണ്ട്. ഇതിന്റെ മറുപടി ലഭ്യമാകുന്നമുറയ്ക്കായിരിക്കും തുടരന്വേഷണം.
മാധ്യമങ്ങളോട് മുൻപ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഗോപാലകൃഷ്ണൻ മൊഴിയിൽ ആവർത്തിച്ചതെന്നാണ് വിവരം. ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കൾ പറയുമ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം അറിയുന്നതെന്നുമാണ് ഗോപാലകൃഷ്ണന്റെ മൊഴിയിലുമുള്ളത്.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന വാർട്സ് ആപ്പ് ഗ്രൂപ്പാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അഡ്മിനായി പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പിൽ സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥരെയാണ് അംഗങ്ങളായി ചേർത്തിരുന്നത്. ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണനുമായി പങ്ക് വെക്കാൻ വിളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയുന്നത് എന്നാണ് പറഞ്ഞത്.
തുടർന്ന്, തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നും ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്കെല്ലാം സന്ദേശമയച്ചത്. മാന്വലായി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകരെ അറിയിക്കുകയും ചെയ്തു. ശേഷം അദ്ദേഹം തന്നെ പോലീസിൽ പരാതിയും നൽകി.