സൈബർ തട്ടിപ്പിൽ കൊച്ചിയില്‍ ഒറ്റ ദിവസം 10 പേര്‍ക്ക് നഷ്ടമായത് 1.9 കോടി ; ബോധവൽക്കരണം തകൃതിയായി നടക്കുമ്പോഴും കെണിയിൽ വീഴാൻ തയ്യാറായി ജനങ്ങൾ, അന്തം വിട്ട് അധികൃതർ

Date:

കൊച്ചി: ദിനംപ്രതി വർദ്ധിച്ചു വരുന്ന സൈബര്‍ – ഓൺലൈൻ തട്ടിപ്പുകളെ മുൻനിർത്തി സംസ്ഥാനത്ത് ബോധവൽക്കരണം തകൃതിയായി നടക്കുമ്പോഴും മറുഭാഗത്ത്, വഞ്ചകരുടെ കെണിയിൽ വീഴാൻ തയ്യാറെടുത്ത് നിൽക്കുന്ന ജനാവസ്ഥ കണ്ട് അന്തംവിട്ട് നിൽക്കുകയാണ് അധികൃതർ.

കൊച്ചിയിൽ മാത്രം ഇത്തരത്തിലുളള 10 കേസുകളാണ് വെളളിയാഴ്ച രജിസ്റ്റർ ചെയ്തത്. 10 പേരിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 1.9 കോടി രൂപ. പണം നഷ്ടപ്പെട്ടവരിൽ
യുവാക്കളും 70 വയസ്സിനു മുകളിലുള്ള വയോധികനും ഉൾപ്പെടുന്നു. കേരളാ സൈബര്‍ പോലീസും അധികൃതരും വ്യാപകമായി ബോധവത്കരണ പ്രചരണങ്ങള്‍ നടത്തിയിട്ടും സൈബർ തട്ടിപ്പ് സംഭവങ്ങൾ വ്യാപകമാകുന്നത് അധികൃതരെതന്നെ ആശങ്കയിലാക്കുകയാണ്.

പെട്ടെന്ന് അമിത ലാഭം കൊയ്യാമെന്ന് കരുതി സ്വയം ബലിയാടാകുന്നവരാണ് സൈബർ തട്ടിപ്പിന് ഇരയാകുന്ന ഒരു വിഭാഗം. കൊച്ചി കടവന്ത്ര സ്വദേശിയായ 73 കാരൻ ഇത്തരത്തിൽ പണം നഷ്ടപ്പെട്ട ഒരാളാണ്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ ജീവനക്കാരനെന്ന് അറിയിച്ച് ഇദ്ദേഹത്തെ ഒരാൾ ബന്ധപ്പെടുകയായിരുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ പണം നിക്ഷേപിച്ച് ഉയർന്ന ലാഭം നേടാമെന്നാണ് പ്രതികള്‍ വയോധികനെ വിശ്വസിപ്പിച്ചു. ഉയർന്ന വരുമാനം പ്രതീക്ഷിച്ച് ഇദ്ദേഹം ഒസൈബരന്നിലധികം തവണയായി 76 ലക്ഷം രൂപ കൈമാറി. നിക്ഷേപം സ്വീകരിച്ച് എളുപ്പത്തിൽ ലാഭം നേടിയത് തട്ടിപ്പുകാരാണെന്നു മാത്രം!

ഷെയർ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ നിക്ഷേപിച്ചാല്‍ ലഭിക്കുന്നത് അഞ്ച് മിനിറ്റിനുള്ളിൽ ഇരട്ടി ലാഭം – തിരുവാങ്കുളം സ്വദേശിയില്‍ നിന്ന് 7.21 ലക്ഷം രൂപ കൈവശപ്പെടുത്തിയ തട്ടിപ്പുകാരുടെ വാഗ്ദാനം ഇങ്ങെെയായിരുന്നു. ആദ്യം ചെറിയ തുക നിക്ഷേപിച്ചു. ഉടൻ വാഗ്ദാനം ചെയ്ത ലാഭവും ലഭിച്ചു. വിശ്വാസമാണല്ലോ എല്ലാം, തുടര്‍ന്ന് വലിയ തുക നിക്ഷേപിച്ചു. അതോടെ പണവുമായി പ്രതികള്‍ മുങ്ങി.

ആൾമാറാട്ടത്തിലൂടെ പോലീസ് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഇരകളുടെ പേരുകളുള്ള പാഴ്‌സലുകൾ പിടിച്ചെടുത്തുവെന്ന് പറഞ്ഞ് പണം തട്ടുന്ന രീതിയും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് സൈബര്‍ പോലീസ് പറയുന്നു. ഇതിന് പുറമെയാണ് ഓൺലൈൻ ജോലി തട്ടിപ്പുകളും! ഇത് സംബന്ധിച്ചും നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്, ലഭിച്ചു കൊണ്ടിരിക്കുന്നതും.

കൊച്ചിയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങൾ പോലും സൈബർ തട്ടിപ്പുകാരുടെ ഇരയായി മാറുന്നുണ്ടെന്നുള്ളതാണ് ഏറെ കൗതുകം. കമ്പനിയുടെ എം.ഡിയുടെ പേരിൽ വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയ വിരുതൻ കൊച്ചി ആസ്ഥാനമായുള്ള ഒരു മറൈൻ എക്‌സ്‌പോർട്ടിംഗ് സ്ഥാപനത്തില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തത് അടുത്തിടെയാണ്. വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വഴി എംഡിയാണെന്ന് വിശ്വസിപ്പിച്ച പ്രതി നൽകിയ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് സന്ദേശമയയ്ക്കുകയായിരുന്നു. എം.ഡി.യെ ബന്ധപ്പെടാനാകാത്തതിനാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ തുക കൈമാറി. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ ലഭിച്ച ഒരു പരാതിയുടെ മാത്രം വിവരമാണിത്.

ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ മൂന്നും തൃക്കാക്കര, മരട് പൊലീസ് സ്റ്റേഷനുകളിൽ രണ്ടും കടവന്ത്ര, ഹിൽപാലസ്, സൈബർ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസും വീതം സൈബര്‍ തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 400 ലധികം സൈബർ തട്ടിപ്പ് കേസുകളിലായി ഇരകൾക്ക് 30 കോടിയിലധികം രൂപയാണ് നഷ്ടപ്പെട്ടെെന് പോലീസ്.

അജ്ഞാതരായ ആളുകൾ ആകർഷകമായ നിക്ഷേപ പദ്ധതികൾ മുന്നോട്ടു വെയ്ക്കുമ്പോഴും, ജോലികൾ, പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വാട്ട്സ്ആപ്പ് വീഡിയോ കോളുകള്‍ വിളിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെടുമ്പോഴും വഞ്ചനാ സാദ്ധ്യതകൾ മുൻകൂട്ടി കാണണമെന്ന് ഒരിക്കൽ കൂടി ജനങ്ങളെ ഓർമ്മപ്പെടുത്തുന്നു സൈബർ പോലീസ്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...