തിരുവനന്തപുരം: ഇതിഹാസ ഫുട്‌ബോളര്‍ ലിയോണല്‍ മെസി ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരത്തിലെത്തും. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. രണ്ട് സൗഹൃദ മത്സരങ്ങൾ അര്‍ജന്‍ന്റീന ടീം കേരളത്തില്‍ കളിക്കും. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. സ്ഥിരീകരിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂപ്പര്‍ താരം ലിയോണല്‍ മെസി കൂടി ഉൾപ്പെടുന്ന അര്‍ജന്റീന ടീമാകും കേരളത്തിലേക്ക് എത്തുകയെന്ന് തിരുവനന്തപുരുത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അബ്ദുറഹ്‌മാന്‍ അറിയിച്ചിരുന്നു. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ വെച്ച് മത്സരം നടക്കും. കൊച്ചി നെഹ്‌റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. വിദേശ ടീമിനെ തന്നെ ഏതിരാളിയായി എത്തിക്കാനാണ് ആലോചന.
മത്സരങ്ങൾക്ക് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഫിഫ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേ ഒഴിവുള്ളൂവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്കൊപ്പം ഫിഫയുടെയും ഉദ്യോഗസ്ഥര്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ കേരളത്തിലെത്തും.
മത്സരത്തിന്റെ തിയ്യതി, സ്റ്റേഡിയം തുടങ്ങിയ കാര്യങ്ങള്‍ ഇതിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.