കൊച്ചി : കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
‘ഉന്നതകുലജാതർ വേണം ആദിവാസി വകുപ്പ് മന്ത്രിയാകാനെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഏത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്നു തെളിയിക്കുന്നു. ഏതു കാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്നും’ സതീശൻ ചോദിച്ചു. അത്രയേറെ അപക്വമായ രീതിയിലാണ് ഇരുവരും സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
‘കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും സമീപനം എന്താണെന്നു തെളിയിക്കുന്നതാണ് രണ്ട് മന്ത്രിമാരുടെയും പ്രസ്താവന. കേരളത്തോട് അവർക്ക് പുച്ഛമാണ്. കേരളത്തെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാൽ സഹായം അനുവദിക്കാമെന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. ഇവരുടെ തറവാട്ടിൽ നിന്ന് എടുത്തുകൊണ്ടു തരുന്ന ഔദാര്യമല്ല ഇതെന്നു ഓർക്കണം.
സംസ്ഥാനം നൽകുന്ന നികുതിപ്പണത്തിൽ നിന്നുള്ള വിഹിതമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് അത് തീരുമാനിക്കുന്നത്. എന്നാൽ ഇവരുടെ വാക്കുകൾ കേട്ടാൽ എന്തോ ഔദാര്യം തരുന്നതു പോലെയാണ്. തങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇഷ്ടമുള്ളത്ര കൊടുക്കും, ഇല്ലെങ്കിൽ ഇല്ല എന്നതാണ് മനോഭാവമെന്നും സതീശൻ കുറ്റപ്പെടുത്തി.