ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ആൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. നിർത്തിയിട്ട കാറിൽ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കുമാരമംഗലം സ്വദേശി സിബിയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടിൽ നിന്ന് രാവിലെ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു സിബി. പെരുമാങ്കണ്ടം നരക്കുഴിയിലെ ഒഴിഞ്ഞ പറമ്പിലാണ് റബർ തോട്ടത്തിനുള്ളിൽ കാർ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തിരിച്ചറിയാൻ പറ്റാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
അതേ സമയം, എങ്ങനെയാണ് തീ പിടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കാർ പൂർണ്ണമായി കത്തി നശിച്ചിരുന്നു. ആളെ തിരിച്ചറിയാനാവാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞു. ഉച്ചയോടെ ഇദ്ദേഹത്തെ പ്രദേശത്ത് കണ്ടവരുണ്ട്. ഇദ്ദേഹമാണ് മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധന ഫലം കിട്ടിയാലേ ആളാരാണെന്ന് വ്യക്തമാകൂ. ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങൾ സിബിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കുമാരമംഗലം സർവ്വീസ് സഹകരണ ബാങ്ക് റിട്ടയേർഡ് ജീവനക്കാരനാണ് സിബി. എറണാകുളത്തുനിന്ന് ഫോറൻസിക് സംഘമെത്തി സാമ്പിളുകൾ ശേഖരിച്ചു. ആത്മഹത്യ എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. സംഭവം നടന്നതിന് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് സിബി പെട്രോൾ വാങ്ങിയതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കല്ലൂർക്കാട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.