ദില്ലി: നരേന്ദ്ര മോദി – ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായി ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ആദ്യം അതിർത്തി തർക്കം പരിഹരിക്കേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയിലാണ് ഷിജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. അഞ്ച് കൊല്ലത്തിനു ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ചക്ക് വഴിയൊരുങ്ങിയത്.
ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെന്നും ഷി ജിൻപിങ് പ്രത്യാശ പ്രകടിപ്പിച്ചു. അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദിയും ആവശ്യപ്പെട്ടു. അതിർത്തിയിലെ ധാരണ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ബന്ധം നന്നാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും പറഞ്ഞു. ചർച്ചയിലൂടെ അതിർത്തിയിലെ തർക്കം പരിഹരിക്കാനായതിൽ ഇരു നേതാക്കളും സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യ- ചൈന പ്രത്യേക പ്രതിനിധികൾ അതിർത്തി തർക്കത്തിൽ ചർച്ച തുടരും. രണ്ടു രാജ്യങ്ങളും പരസ്പരസഹകരണത്തിനുള്ള വഴികൾ ആലോചിക്കും. തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കും. ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർക്കിടയിലും ചർച്ച നടക്കും.

അതേസമയം, ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിൽ ഇന്നലെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉജ്വല സ്വീകരണമാണ് നൽകിയത്. ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യുക്രൈമായുള്ള സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് മോദി പുടിനോട് ആവശ്യപ്പെട്ടത്.