ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ-ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍. അവസാന ദിവസത്തിലെ അവസാന സെഷന്‍ മഴമൂലം തടസ്സപ്പെട്ടതോടെയാണ് മത്സരം സമനിലയായി പ്രഖ്യാപിച്ചത്. കളി തുടരുക ദുഷ്‌കരമായ സാഹചര്യത്തിലാണ് തീരുമാനം. സ്‌കോര്‍: ഓസ്‌ട്രേലിയ-445 & 89/7 ഡിക്ലയര്‍. ഇന്ത്യ-260 & 8/0. ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സും കൂടാതെ ഒരു വിക്കറ്റും നേടിയ ഓസീസിന്റെ ട്രാവിസ് ഹെഡാണ് കളിയിലെ കേമൻ.

തലയുയർത്തി ഹെഡ് ! – കളിയിലെ കേമൻ)
ഒന്‍പതിന് 252 റണ്‍സെന്ന നിലയില്‍ നാലാംദിനം കളിയവസാനിപ്പിച്ച ഇന്ത്യക്ക് അവസാനദിവസം എട്ട് റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. കെ.എല്‍. രാഹുലിൻ്റേയും രവീന്ദ്ര ജഡേജയുടേയും ചെറുത്തുനിൽപ്പും വാലറ്റത്ത് ബുംറയും ആകാശ്ദീപും നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനവുമാണ് ഇന്ത്യയെ ഫോളോ ഓണ്‍ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 78.5 ഓവറില്‍ 260 റണ്‍സാണ് ഇന്ത്യ നേടിയത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445-ന് 185 റണ്‍സ് അകലെ ഇന്ത്യ വീണു.
അഞ്ചാം ദിനം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 18 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യക്ക് വിജയലക്ഷ്യം 275 റണ്‍സായി. ജസ്പ്രീത് ബുംറ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടെണ്ണം വീതവും വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. ഇതോടെ രണ്ട് ഇന്നിങ്‌സിലുമായി ബുംറ ഒന്‍പത് വിക്കറ്റുകള്‍ കരസ്ഥമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെടുത്തു. കെ.എല്‍. രാഹുലും യശസ്വി ജയ്‌സ്വാളും നാലുവീതം റണ്‍സെടുത്തു. തുടർന്ന് മഴ കളിക്കാനെത്തിയതോടെ മത്സരം സമനില പ്രഖ്യാപിച്ചു. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഓരോ ജയവും ഒരു സമനിലയുമായി 1-1 എന്ന നിലയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. നാലാം ടെസ്റ്റ് മത്സരം മെൽബണിൽ നടക്കും.
പത്താംവിക്കറ്റില്‍ ജസ്പ്രീത് ബുംറയും ആകാശ്ദീപും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടാണ് കളിയിൽ നിർണ്ണായകമായത്. ഫോളോ ഓണ്‍ ഭീഷണി ഒഴിവായതും ഈ കൂട്ടുകെട്ടിൻ്റെ ഫലമാണ്. കെ.എല്‍. രാഹുല്‍ (84), രവീന്ദ്ര ജഡേജ (77) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർമാർ. ദുഷ്‌കരമായ പിച്ചില്‍ ആകാശ്ദീപ് 44 പന്തില്‍ 31 റണ്‍സ് നേടി.
(