ചെന്നൈ: പാക്കിസ്ഥനെ അവരുടെ മണ്ണില്‍ ടെസ്റ്റ് പരമ്പരയില്‍ തറപറ്റിച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തിയിരിക്കുന്നത്. ടെസ്റ്റ്, ടി20 പരമ്പരകള്‍ ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കും. സപ്തംബര്‍ 19ന് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആദ്യ ടെസ്റ്റ് അരങ്ങേറും. പാകിസ്താനെതിരായ ചരിത്രവിജയത്തിന് ശേഷം ഇന്ത്യയേയും കീഴടക്കി ചരിത്രം രചിക്കാനാണ് ബംഗ്ലാദേശ് ലക്ഷ്യം വെയ്ക്കുന്നത്.
ബംഗ്ലാദേശ് ഏറ്റവും മികച്ച ഫോമിലാണെന്നതിന് അവരുടെ സമീപകാല പ്രകടനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ പാക് പരമ്പരയില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ഉള്‍പ്പെടെ ആറില്‍ നാല് ബാറ്റര്‍മാരും സ്പിൻ ബൗളര്‍മാരും വിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചു. ആദ്യമായാണ് ബംഗ്ലാദേശ് പാക്കിസ്ഥാനിൽ പരമ്പര ജയിക്കുന്നത്. ഇന്ത്യക്കെതിരേയും ചരിത്രം കുറിക്കുമെന്ന ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നുകൊണ്ടാണ് ബംഗ്ലാദേശിന്റെ പ്രഖ്യാപനം.
സന്ദര്‍ശകരെ ചെറുതായി കാണാന്‍ രോഹിത് ശര്‍മയും സംഘവും തയ്യാറല്ല. ഇന്ത്യയുടെ പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീറിനും ആദ്യ ടെസ്റ്റ് പരമ്പര യഥാര്‍ത്ഥ പരീക്ഷണമാണ്. 10 മത്സരങ്ങള്‍ അടങ്ങുന്ന നീണ്ട ടെസ്റ്റ് സീസണ്‍ ഉജ്വല വിജയത്തോടെ തുടങ്ങാന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നു. ഗംഭീര്‍ ഒരുക്കിവച്ച തന്ത്രങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 2022 ഡിസംബറില്‍ സ്വന്തം തട്ടകത്തില്‍ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു എന്നതും ഓര്‍മ്മിക്കേണ്ടതാണ്.
ഷാക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്ലാം എന്നീ മൂന്ന് ശക്തരായ സ്ലോ ബൗളിങ് നിരയാണ് ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുക. ഇവരെ എങ്ങനെ നേരിടുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകള്‍. പ്ലേയിങ് ഇലവനെ സംബന്ധിച്ച് ഇന്ത്യയുടെ പ്രധാന ആശങ്ക ബൗളിങ് കോമ്പിനേഷനാണ്. പേസര്‍മാരെ സഹായിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ കണക്കിലെടുത്ത് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലെ പിച്ചും ഫാസ്റ്റ് ബൗളിങിന് മേല്‍ക്കൈ ലഭിക്കുംവിധത്തിലാണ് തയ്യാറാക്കുന്നത്. അതിനാല്‍ ബൗളിങില്‍ ഇന്ത്യക്ക് 3-2 കോമ്പിനേഷനായിരിക്കും സ്വീകരിക്കുക.
അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നീ മൂന്ന് സ്പിന്നര്‍മാരെയും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നീ പേസര്‍മാരെയും ഇറക്കാനാണ് ടീം ഇന്ത്യയുടെ തീരുമാനം