വഡോദര: ആദ്യ എകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ. 211 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ വിൻഡീസ് ടീമിന് മേൽ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 314 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് വനിതകൾ 103 റൺസിന് ഓൾ ഔട്ട്! സ്കോർ: ഇന്ത്യ-314/9, വെസ്റ്റ് ഇൻഡീസ്-103/10.
സ്മൃതി മന്ദാനയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്. 102 പന്തിൽ 91 റൺസെടുത്ത് താരം പുറത്തായെങ്കിലും വനിതാ ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് എന്ന റെക്കോർഡ് സ്മൃതി മന്ദാന ഈ മത്സരത്തോടെ തൻ്റെ പേരിൽ എഴുതിച്ചേർത്തു. 13 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. സെയ്ദ ജെയിംസ് എറിഞ്ഞ 32-ാം ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് സ്മൃതി പുറത്തായത്.
മികച്ച തുടക്കമാണ് ഓപ്പണിങ് സഖ്യം ടീമിന് നൽകിയത്. ഒന്നാം വിക്കറ്റിൽ സ്മൃതിയും പ്രതികയും (69 പന്തിൽ 40) ചേർന്ന് 110 റൺസാണ് അടിച്ചെടുത്തത്. പിന്നാലെയെത്തിയ ഹർലീൻ (44), റിച്ച ഘോഷ്(24), ഹർമൻപ്രീത് കൗർ(34), ജമീമ റോഡ്രിഗസ്(31) എന്നിവരും മോശമാക്കിയില്ല.
മറുപടി ബാറ്റിങ്ങിനറങ്ങിയ വിൻഡീസിന് തുടക്കം തന്നെ പാളി. സ്കോർബോർഡ് തുറക്കും മുൻപെ ആദ്യ വിക്കറ്റ് വീണു. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ കൊഴിഞ്ഞ് വീഴുന്ന കാഴ്ചയാണ് കണ്ടത്. നാലു പേർ മാത്രമാണ് വിൻഡീസ് സഖ്യത്തിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കുവേണ്ടി രേണുക സിങ് അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. പ്രിയ മിശ്ര രണ്ടും ടിറ്റാസ് സാധു, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.