ചെന്നൈ ടെസ്റ്റിൽ രണ്ടാം ദിനം തന്നെ ബംഗ്ലാദേശിനെ പുറത്താക്കി ഇന്ത്യ ; വമ്പൻ ലീഡുമായി ബാറ്റിംഗ് തുടങ്ങി, ബുംമ്രക്ക് 400 വിക്കറ്റ്!

Date:

ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം തന്നെ ബംഗ്ലാദേശിനെ ‘ഓൾ ഔട്ടാ’ക്കി ഇന്ത്യ ബാറ്റിംഗ് തുടങ്ങി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 376 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശ് 149 റണ്‍സിന് ഓള്‍ ഔട്ടായി. 227 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണർമാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും യശ്വസിയുടേയും വിക്കറ്റുകൾ നഷ്ടമായി. അഞ്ച് റണ്‍സെടുത്ത രോഹിത്തിനെ ടസ്കിന്‍ അഹമ്മദാണ് മടക്കിയത്. 10 റൺസ് എടുത്ത യശ്വസി, റാണയുടെ പന്തിൽ പുറത്തായി.

ആദ്യ സെഷനില്‍ തന്നെ ഇന്ത്യയെ 376 റണ്‍സിന് ഓള്‍ ഔട്ടാക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിലെ പ്രഹരമേറ്റു. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാൻ ഇസ്ലാമിനെ ജസ്പ്രീത് ബുമ്ര ബൗള്‍ഡാക്കി. പിന്നാലെ സാകിര്‍ ഹസനെയും മൊനിമുള്‍ ഹഖിനെയും തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ആകാശ് ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഞ്ചിന് പിരിയുമ്പോള്‍ 26-3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ലഞ്ചിനുശേഷം പൊരുതിനോക്കിയ നജ്മുൾ ഹൊസൈൻ ഷാന്‍റോയെ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ബംഗ്ലാദേശിന്‍റെ തകര്‍ച്ചയുടെ ആഴം കൂട്ടിയത്.

(400 വിക്കറ്റ് തികച്ച ബുമ്രക്ക് ആശംസയുമായി ബിസിസിഐ ട്വിറ്ററിൽ പങ്കുവെച്ചത്)

ബംഗ്ലാദേശ് നിരയിൽ 32റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്കോറര്‍. പുറത്താകാതെ 27 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസും 22 റണ്‍സെടുത്ത ലിറ്റണ്‍ ദാസും മാത്രമാണ് ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആകാശ് ദീപും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മഷ്ഫീഖുറും ഷാക്കിബ് അല്‍ ഹസനും പൊരുതുമെന്ന് കരുതിയെങ്കിലും ബുമ്ര ആ പ്രതീക്ഷയും തകര്‍ത്തു. മുഷ്ഫീഖുറിനെ(8) സ്ലിപ്പില്‍ രാഹുലിന്‍റെ കൈകളിലേക്കാണ് ബുമ്ര പറഞ്ഞുവിട്ടത്. ലിറ്റണ്‍ ദാസും(22) ഷാക്കിബും(32) ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തിയെങ്കിലും ഇരുവരെയും വീഴ്ത്തിയ ജഡേജ ബംഗ്ലാദേശിനെ 92-7ലേക്ക് തള്ളിയിട്ടു.

ചായക്ക് മുമ്പ് ഹസന്‍ മഹ്മൂദിനെകൂടി(9) മടക്കിയ ബുമ്ര ചായക്ക് ശേഷം യോര്‍ക്കറില്‍ ടസ്കിന്‍ അഹമ്മദിനെയും വീഴ്ത്തി ബംഗ്ലാദേശിന്‍റെ വാലറുത്തു. നാഹിദ് റാണയെ(11) വീഴ്ത്തിയ സിറാജാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. നേരത്തെ 339-6 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന്‍ മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയത്.

Share post:

Popular

More like this
Related

കൊല്ലത്ത് വൻ ലഹരി വേട്ട ; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. വെസ്റ്റ്പൊലീസിന്റെ വാഹന പരിശോധനയിൽ 109...

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി...

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കായി എല്ലാ ജില്ലകളിലും ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ ചികിത്സിക്കാനുള്ള...

അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് ; അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ...