പഹൽഗാമിൽ നടന്ന ഭീകരാക്രമണവും മറുപടിയായി പാക് ഭീകരവാദതാവളങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനേയും തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടർന്ന് ധർമ്മശാലയിൽ പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ വ്യാഴാഴ്ച നടക്കേണ്ട മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പഞ്ചാബ് കിംഗ്സ് – മുംബൈ ഇന്ത്യൻസ് മത്സര വേദിയും മാറ്റാൻ തയ്യാറായിരിക്കെയാണ് ഐപിഎൽ തന്നെ മാറ്റി വെക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.
കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, ആരാധകർ എന്നിവരുടെ സുരക്ഷയാണ് പ്രധാന ആശങ്കയെന്ന് ചൂണ്ടിക്കാട്ടി ടൂർണമെന്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് വെള്ളിയാഴ്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇക്കാര്യം അറിയിച്ചത്.
“രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് മുന്നോട്ട് പോകുന്നത് നല്ലതായി തോന്നുന്നില്ല” എന്ന് പിടിഐയോട് സ്ഥിരീകരിച്ചുകൊണ്ട് ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. ഇതോടെ മെയ് 25 ന് കൊൽക്കത്തയിൽ അവസാനിക്കേണ്ടിയിരുന്ന സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ അനിശ്ചിതത്വത്തിലായി.
“സ്ഥിതിഗതികൾ ഞങ്ങൾ അവലോകനം ചെയ്തുവരികയാണ്. സ്ഥിതി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ഏജൻസികളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഏതൊരു തീരുമാനവും എടുക്കുക,” ധുമൽ പിടിഐയോട് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലീഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നതിനിടെ അധികാരികളുമായി അടുത്ത ഏകോപനം നടത്തുകയാണെന്നും ബിസിസിഐ സ്ഥിരീകരിച്ചു.