ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പുതിയ സംഘർഷങ്ങൾ കണക്കിലെടുത്ത് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 130 ലധികം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കി. വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും സുരക്ഷാ വർദ്ധനവും കണക്കിലെടുത്ത് അതിർത്തി മേഖലയിലുള്ള ഒന്നിലധികം വിമാനത്താവളങ്ങൾ അടച്ചതിന്റെ ഫലമായാണ് റദ്ദാക്കൽ.
വാർത്താ ഏജൻസിയുടെ കണക്കനുസരിച്ച്, റദ്ദാക്കിയ വിമാനങ്ങളിൽ നാല് അന്താരാഷ്ട്ര ആഗമനങ്ങൾ, അഞ്ച് അന്താരാഷ്ട്ര പുറപ്പെടലുകൾ, 63 ആഭ്യന്തര ആഗമനങ്ങൾ, 66 ആഭ്യന്തര പുറപ്പെടലുകൾ എന്നിവ ഉൾപ്പെടുന്നു. നിരവധി വിമാന സർവ്വീസുകളെ ബാധിച്ചിട്ടുണ്ടെങ്കിലും, ഡൽഹി വിമാനത്താവളത്തിൻ്റെ പ്രവർത്തനം നടക്കുന്നുണ്ട്.
ഫ്ലൈറ്റ്റാഡാർ24-ൽ നിന്നുള്ള ഡാറ്റ പ്രകാരം ഇന്ന് വൈകുന്നേരം 4 മണി വരെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 71 വിമാനങ്ങളും എത്തിച്ചേരുന്ന 34 വിമാനങ്ങളും റദ്ദാക്കി. റദ്ദാക്കലുകൾക്ക് പുറമേ, ഐജിഐ വിമാനത്താവളത്തിൽ സമയക്രമത്തിൽ ചെറിയ തടസ്സങ്ങളും ഉണ്ടായി, പുറപ്പെടുന്ന വിമാനങ്ങൾ ശരാശരി 18 മിനിറ്റ് വൈകി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, ഡൽഹി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പതിവുപോലെ തുടരുമെന്ന് അറിയിച്ച വിമാനത്താവളം അധികൃതർ, വ്യോമാതിർത്തിയിലെ ചലനാത്മകതയിലെ മാറ്റങ്ങളും മെച്ചപ്പെട്ട സുരക്ഷാ പ്രോട്ടോക്കോളുകളും ചില വിമാന ഷെഡ്യൂളുകളെയും സുരക്ഷാ പരിശോധനകൾക്ക് ആവശ്യമായ സമയത്തെയും ബാധിച്ചേക്കാമെന്ന് യാത്രക്കാർ അറിഞ്ഞിരിക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
യാത്രക്കാർ അപ്ഡേറ്റ് ആയിരിക്കണമെന്നും വിമാന വിശദാംശങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും ഹാൻഡ് ബാഗേജ്, ചെക്ക്-ഇൻ ലഗേജ് ചട്ടങ്ങൾ പാലിക്കണമെന്നും വിമാനത്താവളം അഭ്യർത്ഥിച്ചു.
മാറ്റങ്ങൾക്കിടയിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതോ ആശ്രയിക്കുന്നതോ ഒഴിവാക്കണമെന്നും യാത്രക്കാർക്ക് നിർദ്ദേശം നൽകി.
കർശനമായ നടപടികൾ കാരണം യാത്രക്കാർ സുരക്ഷാ പരിശോധനകൾക്കായി അധിക സമയം നീക്കിവയ്ക്കണമെന്നും എയർലൈൻ, സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സഹകരിക്കണമെന്നും വിമാനത്താവള അധികൃതർ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഈ നടപടികൾ പാലിച്ചുകൊണ്ട് , യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്ന് നിരവധി വിമാനക്കമ്പനികൾ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ജമ്മു, പത്താൻകോട്ട്, ഉദംപൂർ എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ മറ്റൊരു പ്രകോപനമില്ലാത്ത ആക്രമണത്തെത്തുടർന്ന്, ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ളതോ പ്രധാന ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ സ്ഥിതി ചെയ്യുന്നതോ ആയ ഏകദേശം 24 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സർവീസുകൾ ഇന്ത്യ നിർത്തിവച്ചു. ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തി, പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങളും തകർത്തു.