ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി SVES വിസ നല്‍കില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫന്‍സ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം. മറുഭാഗത്ത്, ഇന്ത്യയും പാക്കിസ്ഥാനിലെ ഡിഫന്‍സ് അറ്റാഷെമാരെ പിന്‍വലിക്കും. വാഗ-അട്ടാരി അതിര്‍ത്തി അടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
പഹല്‍ഗാം ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന് യോഗം വിലയിരുത്തിയതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ജമ്മു കശ്മീരില്‍ വിജയകരമായി തെരഞ്ഞെടുപ്പ് നടത്തിയതും അവിടുത്തെ സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരമായ പുരോഗതിയുടെയും പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നതെന്ന് വിലയിരുത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന് ശക്തമായ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നടപടികളെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു.
വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു. ആക്രമണത്തില്‍ 26 പേരാണ് മരിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇതില്‍ 25 ഇന്ത്യക്കാരും ഒരു നേപ്പാള്‍ സ്വദേശിയുമാണ്.
ഈ ഭീകരാക്രമണത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുകൊണ്ടാണ് സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) നടപടികള്‍ തീരുമാനിച്ചതെന്ന് മിസ്രി വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയ ഉന്നത നേതാക്കളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരും പങ്കെടുത്ത കാബിനറ്റ് കമ്മിറ്റി യോഗം രണ്ടര മണിക്കൂറോളം നീണ്ടുനിന്നു.