പല്ലേക്കെലെ: നായകൻ സൂര്യകുമാർ വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ മത്സരത്തിൽ ആദ്യജയം ഇന്ത്യക്ക്. ശ്രീലങ്കക്കെതിരെ 48 റൺസിനാണ് ഇന്ത്യയുടെ വിജയം . ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ 19.2 ഓവറിൽ 170 ന് റൺസിന് ഇന്ത്യ എറിഞ്ഞിട്ടു.
സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 26 പന്തിൽ രണ്ടു സിക്സും എട്ടു ഫോറുമടക്കം 58 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം. ഒരു റൺ അകലെ വെച്ചാണ് ഋഷഭ് പന്തിന് അർധ സെഞ്ച്വറി നഷ്ടമായത്.
ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 5.6 ഓവറിൽ 74 റൺസെടുത്താണ് പിരിഞ്ഞത്. 16 പന്തിൽ 34 റൺസെടുത്ത ഗില്ലിനെ ആറാം ഓവറിൽ മടക്കി മധുശങ്കയാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. തൊട്ടടുത്ത ഓവറിൽ ജയ്സ്വാളും (21 പന്തിൽ 40) പുറത്തായി. പിന്നീട് സൂര്യകുമാറും ഋഷഭ് പന്തും ചേർന്നാണ് സ്കോർ ഉയർത്തിയത്. 13.2 ഓവറിൽ ഇന്ത്യ 150 കടന്നതും സൂര്യകുമാർ പുറത്തായി. മതീഷ പതിരനയുടെ പന്തിൽ എൽ.ബി.ഡബ്ല്യവിൽ കുരുങ്ങുകയായിരുന്നു. 18.5 ഓവറിൽ 200 കടന്നതിന് പിറകെ ഋഷഭ് പന്തും പുറത്തായി. 33 പന്തിൽ 49 റൺസെടുത്ത താരം പതിരനയുടെ പന്തിൽ ബൗൾഡായി. ഇതിനിടയിൽ വന്ന് പോയവർക്കൊന്നും പ്രത്യേകിച്ച് ചലനമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഹാർദിക് പാണ്ഡ്യ (10 പന്തിൽ ഒമ്പത്), റിയാൻ പരാഗ് (ആറു പന്തിൽ ഏഴ്), റിങ്കു സിങ് (രണ്ടു പന്തിൽ ഒന്ന്) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായി. 10 റൺസുമായി അക്സർ പട്ടേലും ഒരു റണ്ണുമായി അർഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു.
ലങ്കക്കായി പതിരന നാലു വിക്കറ്റ് വീഴ്ത്തി. മധുശങ്ക, അസിത ഫെർണാണ്ടോ, വാനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ലങ്കൻ നായകൻ അസലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക തുടക്കത്തിൽ മികച്ച കളിയാണ് പുറത്തെടുത്തത്. ഇന്ത്യ മുന്നോട്ടു വെച്ച 214 റൺസ് പിന്തുടർന്ന ശ്രീലങ്ക 14 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്ത് മത്സരം ത്രസിപ്പിച്ച് നിർത്തിയെങ്കിലും 19.2 ഓവറിൽ 170 റൺസിൽ എല്ലാവരും പുറത്തായി. ഓപ്പണിംങ്ങ് കൂട്ടുകെട്ടിൽ ആതിഥേയർക്ക് നിസ്സാങ്കയും കുസൽ മെൻഡിസും മികച്ച തുടക്കമാണ് നൽകിയത്. മെൻഡിസ് (27 പന്തിൽ 45 റൺസ്) പുറത്തായതിന് ശേഷം മൂന്നാം നമ്പറിൽ ഇറങ്ങിയ കുസാൽ പെരേര നിർണായകമായ റൺസാണ് കൂട്ടിച്ചേർത്തത്. 14.1 ഓവറിൽ നിസ്സാങ്ക പുറത്താവുമ്പോൾ ശ്രീലങ്കൻ സ്കോർ 140 ആയിരുന്നു. ഒമ്പത് റൺസ് കൂടി ചേർക്കുന്നതിനിടെ കുസാൽ പെരേരയും പുറത്തായതിന് ശേഷം ലങ്കയ്ക്ക് സമ്പൂർണ തകർച്ചയായിരുന്നു. ഇന്ത്യൻ ബോളർമാരുടെ മികവ് കൂടി ഉയർന്നതോടെ ലങ്ക 170 റൺസിന് അടിയറവ് പറഞ്ഞു. അക്‌സർ പട്ടേൽ രണ്ട് വിക്കറ്റുകളാണ് കളിയിൽ വഴിത്തിരിവായത്.
ഇന്ത്യക്ക് വേണ്ടി പരാഗ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സറും അർഷ്ദീപ് സിംഗും രണ്ടു വീതവും മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.