ഐസിസി ചാംപ്യന്‍സ് ട്രോഫിയിൽ മുത്തമിട്ട് ഇന്ത്യ ; 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടം

Date:

(Photo Courtesy : ICC/X)

ദുബൈ : ഐസിസി ചാംപ്യന്‍സ് ട്രോഫിയിൽ മുത്തമിട്ട് ഇന്ത്യ. ടൂർണ്ണമെൻ്റിലെ ഒരു മത്സരത്തിൽ പോലും പരാജയമറിയാതെ കടന്നുവന്ന ടീം ഇന്ത്യ ഫൈനലിൽ ന്യൂസിലൻ്റിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ്  കിരീടമുറപ്പിച്ചത്.  2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഗംഭീര തുടക്കമായിരുന്നു ഇന്ത്യയുടേത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സാണ് നേടിയത്. 19-ാം ഓവറിൽ ഗ്ലെന്‍ ഫിലിപ്‌സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചിൽ ഗിൽ പുറത്തായതോടെയാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുന്നത്. സാന്റ്‌നര്‍ക്കായിരുന്നു വിക്കറ്റ്. പിന്നാലെ വന്ന കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി. മൈക്കല്‍ ബ്രേസ്‌വെല്ലിന് വിക്കറ്റ്.  അധികം താമസിയാതെ ക്യാപ്റ്റൻ രോഹിത് ശര്‍മയും പുറത്തായി. രചിന്‍ രവീന്ദ്രയുടെ പന്ത് ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ (48), അക്‌സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കെ എൽ രാഹുല്‍ 33 പന്തിൽ പുറത്താവാതെ 34 റൺസ് നേടിയത് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി.  49-ാം ഓവറിന്റെ അവസാന പന്ത് ബൗണ്ടറി കടത്തി രവീന്ദ്ര ജഡേജ (9) ഇന്ത്യയുടെ വിജയ റൺ പൂർത്തിയാക്കി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസ്‌ലൻ്റിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായ പുറത്താവാതെ നിന്ന മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് കിവികളെ എത്തിച്ചത്.

വില്‍ യംഗ് (15), രച്ചിന്‍ രവീന്ദ്ര (37), കെയ്ന്‍ വില്യംസണ്‍ (11), ടോം ലാഥം (14) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ 25 ഓവറിനിടെ കിവീസിന് നഷ്ടമായി. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ യംഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വരുണ്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയെ ബൗള്‍ഡാക്കി കുല്‍ദീപ് യാദവ് കളി ഇന്ത്യയുടെ വരുതിയിലാക്കി. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി കുല്‍ദീപ് കിവികളെ ഞെട്ടിച്ചു. മൂന്നിന് 75 എന്ന നിലയിൽ പരുങ്ങലിലായ ന്യൂസിലന്‍ൻ്റിനെ പിന്നീട് ലാഥമും മിച്ചലും ചേര്‍ന്ന് 20-ാം ഓവറില്‍ 100 കടത്തി. സ്പിന്നര്‍മാരെ ഇരുവരും കരുതലോടെ നേരിട്ടതോടെ കിവീസ് റണ്‍നിരക്ക് ഇടിഞ്ഞു. വൈകാതെ ലാഥമിനെ(14) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു. പിന്നീട് മിച്ചല്‍ – ഗ്ലെന്‍ ഫിലിപ്‌സ് (34) സഖ്യം കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും 57 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറില്‍ ഫിലിപ്‌സിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ഇന്ത്യക്ക് വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ബ്രേസ്‌വെല്ലിനൊപ്പം 46 റണ്‍സ് കൂട്ടിചേര്‍ത്ത് മിച്ചലും മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശർമക്ക് ക്യാച്ച് നല്‍കിയാണ് 101 പന്തിൽ 63 റൺസെടുത്ത മിച്ചൽ മടങ്ങിയത്. തുടർന്ന് വന്ന ക്യാപ്റ്റൻ മിച്ചല്‍ സാന്റ്‌നർ 8 റൺസ് എടുത്ത് പുറത്തായി.   40 പന്തുകള്‍ നേരിട്ട ബ്രേസ്‌വെല്‍ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി പുറത്താകാതെ നിന്നു.

https://twitter.com/ICC/status/1898731328428003768?t=fhotBWdW26Ar4xPG9K1pOw&s=19

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...