(ഫയൽ ചിത്രം)
പത്തനംതിട്ട: 56 വർഷങ്ങൾക്ക് മുൻപ് കാണാതായ മലയാളി സൈനികൻ്റെ മൃതശരീരം ലഭിച്ചുവെന്ന് ബന്ധുക്കൾക്ക് ഇന്ത്യൻ സൈന്യത്തിന്‍റെ അറിയിപ്പ്. 1968 ഫെബ്രുവരി 7 ന്
102 യാത്രക്കാരുമായി പോയ IAF AN-12 വിമാനം ചണ്ഡീഗഡിൽ നിന്ന് പറന്നുയർന്നതിന് ശേഷം റോഹ്താങ് ചുരത്തിന് സമീപമുണ്ടായ ദുരന്തത്തിൽ കാണാതായ പത്തനംതിട്ട സ്വദേശിയായ തോമസ് ചെറിയാൻ്റെ മൃതശരീരമാണ് സ്ഥലത്തെ മഞ്ഞുമലയിൽ നിന്ന കണ്ടെത്തിയതെന്ന് സൈന്യം അറിയിച്ചത്. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന് മരിക്കുമ്പോൾ പ്രായം 22 വയസ്സ് മാത്രമായിരുന്നു. 102 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണ് 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് അന്ന് കണ്ടെത്താനായത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ പതിറ്റാണ്ടുകളായി മഞ്ഞുമൂടിയ ഭൂപ്രദേശത്ത് നഷ്ടപ്പെടുകയായിരുന്നു
പിന്നീട് 2003-ൽ മണാലിയിലെ എബിവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അലൈഡ് സ്പോർട്‌സിൻ്റെ പര്യവേഷണത്തിലൂടെ ദക്ഷിണ ധാക്കയിലെ ഹിമാനിയിൽ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പർവ്വതാരോഹകർ ഒരു മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളും കണ്ടെത്തി. അത് വിമാനത്തിലുണ്ടായിരുന്ന സൈനികനായ ശിപായി ബെലി റാമിൻ്റെതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
തുടർന്ന് 2005, 2006, 2013, 2019 വർഷങ്ങളിലായി ഇന്ത്യൻ ആർമിയുടെ തിരച്ചിൽ ദൗത്യങ്ങളിൽ പ്രാവിണ്യം നേടിയ ഡോഗ്ര സ്കൗട്ടുകളുടെ നിരന്തര പര്യവേഷണങ്ങൾക്കാണ് ഇവിടെ തുടക്കമിട്ടത്. ഇപ്പോൾ, ചന്ദ്രഭാഗ പർവ്വത പര്യവേഷണമാണ് തോമസചെറിയാൻ്റെതടക്കം നാല മൃതദേഹങ്ങൾ കൂടി വീണ്ടെടുത്തത്.
തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തിരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുമ്പും സൈന്യം അറിയിച്ചിരുന്നു. ശേഷം , ഇപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന വിവരം സൈന്യത്തിൽ നിന്ന് വന്നത്. 2019 ലും ഇതുപോലെ 5 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ദൗത്യത്തിൻറെ വിശദാംശങ്ങൾ സേന പ്രതിരോധമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. തോമസ് ചെറിയാൻ്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നാണ് വിവരം. അന്തിമ അറിയിപ്പ് ഇന്ന് കുടുംബത്തിന് ലഭിച്ചേക്കും