ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളായ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനം പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിച്ച് ഇന്ത്യ.’
ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട് അതിർത്തി കടന്നുള്ള ഭീകരതയിലൂടെ പാക്കിസ്ഥാൻ കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് അവകാശപ്പെട്ടാണ് ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജി പാക്കിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസയ്ക്ക് കത്ത് അയച്ചത്. ഔദ്യോഗിക കത്ത് വഴിയാണ് വിജ്ഞാപനം പ്രാബല്യത്തിലായത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ .നിയമവിരുദ്ധമായ നീക്കം’ എന്നും ‘ഇന്ത്യയുടേത് ജലയുദ്ധ’മെന്നും പാക്കിസ്ഥാൻ വിശേഷിപ്പിച്ചിരുന്നു. ലോക ബാങ്ക് പോലുള്ള ആഗോള സംഘടനകൾ ഉൾപ്പെടുന്ന ഒരു കരാറിൽ നിന്ന് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ പാക്കിസ്ഥാൻ ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും വെല്ലുവിളിച്ചു
സിന്ധു നദീജല കരാർ ഇന്ത്യ ഏകപക്ഷീയമായി നിർത്തിവച്ചത് ഒരു ജലയുദ്ധമാണ്; ഭീരുവും നിയമവിരുദ്ധവുമായ നീക്കം. ഓരോ തുള്ളിയും നമ്മുടേതാണ്, നിയമപരമായും രാഷ്ട്രീയമായും ആഗോളമായും ഞങ്ങൾ അതിനെ പൂർണ്ണ ശക്തിയോടെ പ്രതിരോധിക്കും,” പാക്കി
സ്ഥാൻ ഊർജ്ജ മന്ത്രി അവായിസ് ലെഗാരി ട്വീറ്റ് ചെയ്തു. വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ പാക്കിസ്ഥാന്റെ ഉന്നത സുരക്ഷാ സ്ഥാപനമായ ദേശീയ സുരക്ഷാ സമിതി (എൻഎസ്‌സി) യോഗം ചേർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.