ഐപിഎല്ലിൽ സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഹൈദരബാദ് മുന്നോട്ടു വെച്ച 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ ലക്നൗ മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ നിക്കോളാസ് പുരാൻ്റെയും മിച്ചൽ മാർഷിൻ്റേയും മികച്ച പ്രകടനമാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്. 26 പന്തില്‍ നിന്ന് 70 റണ്‍സെടുത്താണ് നിക്കോളാസ് പുരാൻ പുറത്തായത്. ആറ് സിക്‌സും ആറ് ഫോറും ആ ബാറ്റിൽ നിന്ന് പിറന്നു. 31 പന്തില്‍ നിന്ന് 52 റണ്‍സെടുത്തായിരുന്നു മിച്ചല്‍ മാര്‍ഷിൻ്റെ മടക്കം.
നായകന്‍ റിഷഭ് പന്തിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. 15 പന്തില്‍ നിന്ന് 15 റണ്‍സായിരുന്നു പന്തിൻ്റെ സമ്പാദ്യം. അബ്ദുള്‍ സമദ് എട്ട് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് തരക്കേടില്ലാത്ത പ്രകടനമായിരുന്നു പുറത്തെടുത്തത്. ആദ്യ എട്ടോവറിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊഴിഞ്ഞിട്ടും സ്കോർ 190ൽ എത്തിക്കാനായി. ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ഹൈദരബാദിൻ്റെ ടോപ് സ്‌കോറര്‍. 28 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 47 റണ്‍സാണ് ഹെഡ് നേടിയത്. ലക്നൗവിനായി ഷാര്‍ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 34 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് നേടി.