ബെയ്റൂട്ട് : ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. വെള്ളിയാഴ്ച ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ല വധിക്കപ്പെട്ടതിനു പിന്നാലെയാണ് കൗക്കും കൊല്ലപ്പെട്ടതെന്ന് പറയുന്നു. ഹിസ്ബുല്ല ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹിസ്ബുല്ലയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീൽ കൗക്ക് എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. 1980 കൾ മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന കൗക്ക്, 2006 ൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. അന്ന് ഹിസ്ബുല്ലയുടെ നിലപാടുകൾ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചർച്ച ചെയ്യാനും മാധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്‍റല്ലയുടെ പിൻഗാമിയായി പറഞ്ഞു കേട്ടിരുന്നത്
കൗക്കിൻ്റെ പേരായിരുന്നു.
നസ്റല്ലയുടെ സ്ഥാനത്തേക്ക് പുതുതായി പറഞ്ഞു കേൾക്കുന്നത് ശൂറ കൗൺസിലിലെ ഹാഷിം സഫിയെദ്ദീൻ്റെ പേരാണ്. സഫിയെദ്ദീൻ
വരാനാണ് കൂടുതൽ സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങളും പറയുന്നു. നസ്‌റല്ലയുടെ ബന്ധുവും ഹിസ്‌ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയുമാണ് സഫിയെദ്ദീൻ. ഹിസ്ബുല്ലയുടെ രാഷ്ട്രീയ–സാമ്പത്തിക കാര്യങ്ങളിൽ നിർണായക പങ്കു വഹിക്കുന്നതും ഇയാളാണ്
അതേസമയം തന്നെ, ഹിസ്ബുല്ലയ്ക്കു കനത്ത തിരിച്ചടിയായി ജിഹാദ് കൗൺസിലിലെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് പറയുന്നു.
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് പറയുന്ന നേതാക്കൾ ഇവരാണ് – സതേൺ ഫ്രന്റ് കമാൻഡർ അലി കർക്കി (കൊല്ലപ്പെട്ടത്–സെപ്റ്റംബർ 27), മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ (സെപ്റ്റംബർ 20) കമാൻഡർ ഫൗദ് ഷുകുർ (ജൂലൈ 30) റോക്കറ്റ് വിഭാഗത്തിന്റെ തലവൻ ഇബ്രാഹിം മുഹമ്മദ് ഖുബൈസി (സെപ്റ്റംബർ 24)
കമാൻഡർ വസീം അൽ തവീൽ, സായുധസേനയുടെ പരിശീലകൻ അബു ഹസൻ സമീർ, ഏരിയൽ കമാൻഡർ മുഹമ്മദ് ഹുസൈൻ.