(Photo Courtesy : X)
ടെൽ അവീവ് : ഗാസ വെടിനിർത്തൽ കരാർ അനുസരിച്ച് ഹമാസ് ആദ്യം മോചിപ്പിച്ച മൂന്ന് സ്ത്രീകൾ പതിനഞ്ചു മാസത്തിനു ശേഷം സ്വന്തം നാട്ടിലേക്ക്. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരെ ഗാസ സ്ക്വയറിലെത്തി റെഡ്ക്രോസ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. തുടർന്ന് നെറ്റ്സരിം ഇടനാഴിയിൽവച്ച് റെഡ് ക്രോസ് സംഘം ഇവരെ ഇസ്രയേൽ സൈന്യത്തെ ഏൽപ്പിച്ചു.

ഇവരുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് റെഡ്ക്രോസ് അറിയിച്ചതായി ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിച്ച മൂന്നുപേരെയും പരിശോധനകൾക്ക് വിധേയരാക്കി. ഇസ്രയേൽ–ഗാസ അതിർത്തിയിലെത്തിയ യുവതികളെ സ്വീകരിക്കാൻ അവരുടെ അമ്മമാരും എത്തിയിരുന്നു. ടെൽ അവീവിൽ ഉൾപ്പെടെ ഇസ്രയേലിലെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നു.

2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന നോവ സംഗീതോത്സവത്തിൽ നിന്ന് ഹമാസ് ബന്ദിയാക്കി കൊണ്ടുപോയ 24 കാരിയായ റോമി ഗോണ 15 മാസങ്ങൾക്ക് ശേഷം അമ്മയുമായി വീണ്ടും ഒന്നിച്ച നിമിഷം (Photo Courtesy : X)
മോചനം നേടിയെത്തുന്ന മൂവരെയും സ്നേഹത്തോടെ സ്വീകരിക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. ബാക്കിയുള്ള എല്ലാ ബന്ദികളെയും കാണാതായവരെയും തിരികെയെത്തിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പ്രധാന മന്ത്രി പറയുന്നു.
ഒക്ടോബർ 7ന് ഇസ്രയേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് 251 പേരെ ഹമാസ് ബന്ദികളാക്കിയത്. അന്നു നടന്ന വെടിവയ്‌പ്പിൽ ഡോറോനും എമിലിക്കും റോമിക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നു പേരെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേലിൽ തടവിലുള്ള അമ്പതോളം പലസ്തീൻകാരെയും ഇന്നു മോചിപ്പിക്കും.