അവകാശ സമരങ്ങളിലൂടെ നഴ്സുമാര്‍ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തപ്പെടാന്‍ സമയമായി – കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി.

Date:

തിരുവല്ല: അവകാശ സമരങ്ങളിലൂടെ നഴ്സുമാര്‍ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തപ്പെടാനുള്ള സമയമായെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി. നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വനിതാ കമ്മീഷന്‍ ഇടപെടുമെന്നും സതീദേവി വ്യക്തമാക്കി. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്സണ്‍.

രാജ്യത്തെമ്പാടും നഴ്സുമാരുടെ പ്രശ്നങ്ങള്‍ സമൂഹമറിഞ്ഞത് അവരുടെ സമരങ്ങളിലുടെയാണ്. ഈ സമൂഹത്തിന്റെ തൊഴില്‍പരമായ സാഹചര്യം എന്താണെന്ന് സമൂഹം മനസിലാക്കിയത് ഇത്തരം പ്രക്ഷോഭങ്ങളിലൂടെയാണ്. എന്നാല്‍ എത്രത്തോളം സമരം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്? അതിലൂടെ തൊഴില്‍ സാഹചര്യത്തില്‍ ഇതിനകം ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെ എന്ന് പരിശോധിക്കപ്പെടേണ്ട സമയമാണിത്. നഴ്സുമാരെ വളരെയേറെ ആദരിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ഇവിടെ നിന്നുള്ള നഴ്സുമാര്‍ക്ക് ലോക വ്യാപകമായി തൊഴിലവസരം ലഭിക്കുന്നുമുണ്ട്. മലയാളികളുടെ സേവനം അത്രയേറെ വിലമതിക്കപ്പെടുന്നുണ്ട്. മാലാഖമാരെന്ന് നാം വിളിക്കുന്നു. വിളക്കേന്തിയ വനിതയായ ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാര്‍ എന്നും വിശേഷിപ്പിക്കുന്നു. എന്നിട്ടും അവരുടെ തൊഴില്‍പരമായ സാഹചര്യം പുരോഗമിക്കപ്പെടുന്നുണ്ടോയെന്ന് സമൂഹവും പരിശോധിക്കണം.

എല്ലാ സേവന മേഖലയിലും എന്നപോലെ നഴ്സുമാരിലും 98 ശതമാനവും വനിതകളാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്ന ഓരോ മേഖലയിലും വളരെയധികം ചൂഷണം നടക്കുന്നു. വിലപേശാന്‍ അവര്‍ക്ക് കഴിയില്ല എന്ന മിഥ്യാധാരണ രാജ്യത്താകമാനമുള്ള സമൂഹത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടാണത്. സര്‍ക്കാര്‍ സേവന മേഖലകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. എല്ലാ സേവന മേഖലകളിലും ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. എന്നാല്‍ തുച്ഛമായ പ്രതിഫലമാണ് അവര്‍ക്ക് കിട്ടുന്നത്. ചെയ്യുന്നത് സേവനമായതിനാല്‍ കൂലി ചോദിക്കാനാവില്ല. സേവനം ആകുമ്പോള്‍ തൊഴില്‍ വ്യവസ്ഥകളും ബാധകമല്ല.

കൊവിഡ് കാലത്ത് ആശാവര്‍ക്കര്‍മാര്‍ നടത്തിയ സേവനം സുത്യര്‍ഹമാണ്. എന്നിട്ടും അതൊരു തൊഴില്‍ മേഖലയായി കണക്കാക്കാന്‍ രാജ്യം തയ്യാറായിട്ടില്ല. ഏറ്റവും കുറഞ്ഞ ചെലവില്‍ സ്ത്രീയുടെ അദ്ധ്വാനം ലഭ്യമാക്കാനാകുമെന്ന് ഭരണാധികാരികള്‍ വരെ കരുതുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. വീട്ടിനുള്ളില്‍ കൂലിയില്ലാ ജോലി ചെയ്യുന്നവരുടെ അദ്ധ്വാനം കുറഞ്ഞ ചെലവില്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേരളവും വ്യത്യസ്തമല്ല.
ഇതിന് മാറ്റം വരണമെങ്കില്‍ തുറന്നുപറച്ചിലിന് സ്ത്രീ സമൂഹം തയ്യാറാവണം. അത്തരം തുറന്ന് പറച്ചിലുകള്‍ക്കൊപ്പം നിലനില്‍ക്കാനും അവരുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ പരിഹാരം കണ്ടെത്താനും കമ്മീഷന്‍ ഒപ്പം നില്‍ക്കും.

സിനിമാ മേഖലയില്‍ സംഭവിച്ചത് ഇതാണ്. ഒരു സഹപ്രവര്‍ത്തക വേട്ടയാടപ്പെട്ടപ്പോള്‍ മറ്റ് വനിതകള്‍ കൂട്ടം കൂടുകയും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഹേമ കമ്മിറ്റി രൂപപ്പെടുകയും അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അപ്പോഴാണ് ആ രംഗത്തെ യഥാര്‍ത്ഥ അവസ്ഥ സമൂഹം തിരിച്ചറിയുന്നത്. ഇക്കാര്യത്തിൽ കേരള വനിത കമ്മീഷന്‍ നടത്തിയ ഇടപെടല്‍ ദേശീയ വനിത കമ്മീഷന്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ഇടപെടല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനാകുമോയെന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ കമ്മീഷനുകളുമായി ചര്‍ച്ച ചെയ്യുമെന്നാണ് കേരളത്തിലെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചത്. ഇത്തരമൊരു നീക്കത്തിനും തുടക്കം കുറിച്ചത് കേരളമാണ്. അതുപോലെ നഴ്സുമാര്‍ മുന്നോട്ടുവന്നാല്‍ അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും വനിതാ കമ്മീഷന്‍ നല്‍കുമെന്നും അഡ്വ. പി. സതീദേവി വ്യക്തമാക്കി.

പ്രസവ ശുശ്രൂഷ നല്‍കുന്നവര്‍ക്ക് പ്രസവിക്കാനുള്ള അവകാശം ഉണ്ടോ? വാര്‍ഡിലും ഐസിയുവിലും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള രോഗി – നഴ്സ് അനുപാതം പാലിക്കപ്പെടുന്നുണ്ടോ? ഓവര്‍ ടൈം അലവന്‍സ് ലഭിക്കുന്നുണ്ടോ? പോഷ് നിയമപ്രകാരം ആശുപത്രികളില്‍ രൂപീകരിക്കപ്പെട്ട ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളും അവയുടെ പ്രവര്‍ത്തനവും തുടങ്ങി ഈ മേഖലയിലെ എല്ലാ വിഷയവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടും. അതില്‍നിന്ന് ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. അവ നടപ്പിലാക്കാന്‍ വനിത കമ്മീഷന്‍ ശ്രമിക്കുമെന്നും ചെയര്‍പേഴ്സണ്‍ അഡ്വ. സതീദേവി പറഞ്ഞു.

തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന പബ്ലിക് ഹിയറിങ്ങില്‍ വനിത കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമന്‍ മത്തായി, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, പത്തനംതിട്ട ജില്ല ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, യുഎന്‍എ ഭാരവാഹികളായ ജോണ്‍ മുക്കത്ത് ബഹനാന്‍, റെജി ജോണ്‍, ലിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.  ചര്‍ച്ചകള്‍ക്ക് വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കി.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...