ശ്രീനഗർ : ഇന്ത്യ-പാക് വെടി നിർത്തൽ പ്രഖ്യാപനത്തിന് ശേഷം ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക്. പാക് ഷെല്ലാക്രമണത്തിൽ നിന്ന് മുക്തമായ ഒരു പുലരിയായിരുന്നു ഇന്നത്തെ ഞായർ കാശ്മീരികൾക്ക് കനിഞ്ഞ് നൽകിയത്. അതിർത്തി കടന്നെത്തിയ ഡ്രോണുകളോ വെടിവെയ്പ്പിൻ്റേയോ ഷെല്ലാക്രമണത്തിൻ്റേയോ സ്ഫോടനാത്മകമായ ശബ്ദമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച രാത്രിയിൽ പോലും വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷവും ഡ്രോൺ ആക്രമണത്തിന് തുനിഞ്ഞ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു എന്നുള്ളതും ജമ്മുവിലെ ഞായറാഴ്ചത്തെ പകലിനെ സമാധാനപൂർണ്ണമാക്കുന്നതിൽ പങ്കുവഹിച്ചു. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തലിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾ തികയും മുന്നേയാണ് പാകിസ്ഥാൻ ധാരണ ലംഘിച്ചത്. രജൗരി സെക്ടറിലും ശ്രീനഗറിലും ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ കണ്ടതിനെത്തുടർന്ന് ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ സജീവമായി തിരിച്ചടിക്കുകയായിരുന്നു. സൈനിക ആസ്ഥാനത്തിന് സമീപം കുറഞ്ഞത് നാല് ഡ്രോണുകളെങ്കിലും സൈന്യം വെടിവെച്ചിട്ടിരുന്നു. ‘
നിലവിൽ സ്ഥിതിഗതികൾ സാധാരണയിലായതിൽ കാശ്മീരികളും ഒപ്പം സൈന്യവും ആശ്വാസത്തിലായിരിക്കണം ഇപ്പോൾ. എന്നാൽ, ആശങ്ക ഒഴിഞ്ഞെന്ന് വിശ്വസിക്കാനും ആവതില്ല, സമാധാനം എത്രനേരം തുടരുമെന്ന ആകാംഷയും ഒരു പടി മുന്നേ ജനമനസ്സിൽ നിഴലിക്കുകയാണ്.