ന്യൂഡൽഹി : റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് കൊമ്രേഡ് – അന്തരീക്ഷത്തിൽ മുഖരിതമായ മുദ്രാവാക്യങ്ങൾക്കിടയിലൂടെ തൻ്റെ പ്രിയപ്പെട്ട ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസിലേക്ക് അവസാന യാത്രാമൊഴി ചൊല്ലാനായി സീതാറാം യെച്ചൂരിയെത്തുമ്പോൾ, പതിവില്ലാത്ത മഴയത്തും ആ രാഷ്ട്രീയ വിളഭൂമിക്ക് കനൽച്ചുവപ്പിൻ്റെ ചൂടുണ്ടായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവ്വവിദ്യാർത്ഥികളുമടക്കം വലിയൊരു ജനക്കൂട്ടമാണ് യച്ചൂരിയുടെ ഭൗതികശരീരത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നത്.
ജെഎൻയു സ്റ്റുഡന്റ്സ് യൂണിയന്റെ ഓഫിസിലായിരുന്നു പൊതുദർശനത്തിനുള്ള ക്രമീകരണം ഒരുക്കിയത്. എയിംസിൽനിന്ന് യച്ചൂരിയുടെ ബന്ധുക്കളും പാർട്ടി നേതാക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാഷ്ട്രീയ ജീവിതത്തിലുടനീളം സന്തതസഹചാരിയായിരുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും മൂക സാക്ഷിയായി ജെഎൻയുവിൽ ഉണ്ടായിരുന്നു. ജോൺ ബ്രിട്ടാസ്, എ എ റഹീം തുടങ്ങിയ എംപിമാരും സന്നിഹിതരായിരുന്നു. മൃതശരീരത്തിൽ ആദ്യം പൂക്കൾ അർപ്പിച്ച് അന്ത്യാഭിവാദ്യം ചെയ്തത് പ്രകാശ് കാരാട്ട്. ജെഎൻയുവിൽ 20 മിനിറ്റാണ് പൊതുദർശനം നിശ്ചയിച്ചിരുന്നത്. ജെഎൻയുവിൽ അദ്ദേഹത്തിനൊപ്പം പഠിച്ചവരും പ്രവർത്തിച്ചവരുമെല്ലാം അന്തിമോപചാരം അർപ്പിക്കാനെത്തി. സഖാവിനൊപ്പമുള്ള അനവധി വിപ്ലവ ഓർമ്മകളായിരിക്കണം ആ മനസ്സുകളിൽ അപ്പോൾ കടന്നുപോയിട്ടുണ്ടാവുക.
അടിയന്തരാവസ്ഥക്കാലത്തും അതിനു ശേഷവും ജെഎൻയു രൂക്ഷമായ സമരങ്ങളുടെ വേദിയായപ്പോൾ അതിനു നേതൃത്വം നൽകിയവരിൽ പ്രധാനി യൂണിയൻ ചെയർമാൻ കൂടിയായിരുന്ന സീതാറാം യച്ചൂരിയായിരുന്നു. 1977–78 കാലത്ത് മൂന്നു വട്ടമാണ് യച്ചൂരി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മരണം വരെയും തന്റെ പ്രിയ ക്യാംപസുമായുള്ള അടുപ്പം യെച്ചൂരി കാത്തു സൂക്ഷിച്ചു. ആ രാഷ്ട്രീയ വിളഭൂമിയിൽ നിന്നാണ് ഒരിക്കൽ കൂടി വിപ്ലവാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി യച്ചൂരി അന്ത്യയാത്ര പറയുന്നത്.
വസന്ത് കുഞ്ചിലെ വീട്ടിൽ രാത്രി മുഴുവൻ മൃതദേഹം സൂക്ഷിക്കും. ശനിയാഴ്ച രാവിലെ 10 മണിയോടെ യച്ചൂരിയുടെ മൃതദേഹം സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. എകെ ജി ഭവനിൽ നിന്ന് 14 അശോക റോഡിലേക്ക് ഉളള വിലാപയാത്രയിൽ സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. അശോക റോഡിൽ നിന്നും മൃതദേഹം എയിംസിലേക്കെത്തിക്കും. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഉയിർ കൊണ്ട ജീവിതം വിദ്യാർത്ഥികൾക്കിടയിലേക്ക് തന്നെ മടങ്ങും!