തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തിൽ അങ്ങനെയല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്. സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മീഷൻ റിപ്പോർട്ട് തുടങ്ങുന്നതിങ്ങനെ. ഉള്ളടക്കത്തിലേക്ക് കടക്കുമ്പോൾ മുകളിൽ പറഞ്ഞതിൻ്റെ അർത്ഥം ധ്വനിപ്പിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ പേജും പറഞ്ഞു വെയ്ക്കുന്നത്. മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം മുതൽ കിടക്ക പങ്കിടാനുള്ള ഭീഷണിയും കെണിയൊരുക്കലും അശ്ളീല വാചക പ്രയോഗങ്ങളും ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിനിമാരംഗത്ത് പുറമേയുള്ള തിളക്കം മാത്രം. അവസരം ലഭിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും പുറത്ത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ. സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റീവ് ആർട്ടിസ്റ്റ്’ എന്ന പേരിട്ടു വിളിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്.
വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്.
എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു.
ആർത്തവസമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോർട്ട്. . പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ സെറ്റിൽ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലർക്കും മൂത്രാശന അണുബാധ അടക്കമുള്ള രോഗങ്ങൾക്കും വിധേയരാകേണ്ടി വരുന്നു – റിപ്പോർട്ട് പറഞ്ഞു വെയ്ക്കുന്നു.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മീഷൻ സ്ത്രീകൾക്ക് ഈ മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിൽ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ചലച്ചിത്ര രംഗത്തുള്ളവർ ആ മേഖലയിൽ മറ്റാരെയും വിലക്കാൻ പാടില്ലെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ പറയുന്നു. ഷൂട്ടിങ് സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങളുമുണ്ട്. സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം. സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
2019 ഡിസംബറിൽ ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുൻപ് തള്ളിയിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. വിവരാവകാശ കമ്മിഷന്റ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പുറത്തിവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ കമ്മിഷൻ നിർദേശപ്രകാരം റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി.