ന്യൂഡൽഹി : ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ നടപടിക്കെതിരെ ബാർ അസോസിയേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഇന്നുമുതൽ ജോലികളെല്ലാം സാധാരണ നിലയിലേക്ക് വരും.
സ്ഥലമാറ്റ നിയമനം നൽകിയെങ്കിലും ജസ്റ്റിസ് വർമയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്ന സുപ്രീം കോടതി നിർദ്ദേശം മുൻനിർത്തിയും ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതിയുടെ അന്വേഷണം പൂർത്തിയാകും വരെ പണിമുടക്ക് പിൻവലിക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഔദ്യോഗികവസതിയോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയതോടെയാണ് ജസ്റ്റിസ് വർമ വിവാദത്തിലാവുന്നത്.